ന്യൂഡല്‍ഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മെയ് 10നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13നും നടക്കും.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി.
80 വയസിന് മുകളിലുള്ളവർക്ക് വീട്ടില്‍ വോട്ട് ചെയ്യാമെന്നതടക്കം സുപ്രധാന പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തി. ശാരീരിക പരിമിതിയുള്ളവർക്കും വീട്ടില്‍ വോട്ട് ചെയ്യാം. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാൻ പദ്ധതിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തില്‍ 18 വയസ് തികയുന്നവർക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് കർണാടകയില്‍ ഇത്തവണയുള്ളത്. ഇതില്‍ 2.59 കോടി സ്‌ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 9,17,241 പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പകുതി ബൂത്തുകളിലും വെബ്‌കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.