ബെംഗളുരു: കർണാടക തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വിജയം അവകാശപ്പെട്ട് ബിജെപിയും കോൺഗ്രസും. 58 നഗരസഭകൾ, 57 ഗ്രാമ പഞ്ചായത്തുകൾ, ഉപതെരഞ്ഞെടുപ്പ് നടന്ന 9 നഗരസഭ വാർഡുകളിലെ ഫലം പുറത്തു വരുമ്പോൾ വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും രംഗത്തെത്തി. 500ൽ അധികം സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 434 സീറ്റുകളിൽ ബിജെപിയും ജെഡിഎസ് 45 സീറ്റുകളിലും വിജയിച്ചു. സംസ്ഥാനത്ത് 1,187 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബങ്കപുര മുനിലിപ്പാലിറ്റി കോൺഗ്രസിന്
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലത്തിലെ ബങ്കപുര മുനിലിപ്പാലിറ്റിയിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തി. 14 വാർഡുകളിൽ കോൺഗ്രസും ഏഴിടത്ത് ബിജെപിയും രണ്ട് സീറ്റിൽ സ്വതന്ത്രരും വിജയിച്ചു. ഹവേരി താലൂക്കിലെ ഗുട്ടാല സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലും കോൺഗ്രസ് വിജയിച്ചു.
ബിജെപിയെ തിരസ്‌കരിച്ചുവെന്ന് സിദ്ധരാമയ്യ
ജനം ബിജെപി സർക്കാരിനെ തിരസ്‌കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അവകാശപ്പെട്ടു. പണത്തിന്‍റെ സ്വാധീനമുള്ളപ്പോൾ പോലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെന്നാണ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തരംഗം ആഞ്ഞിടിച്ചുവെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.