ന്യൂഡൽഹി :കാർഗിൽ മലനിരകളിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി പാറിച്ച് പാകിസ്ഥാനുമേൽ സമ്പൂർണ വിജയം നേടിയിട്ട് ഇന്നേക്ക് 24 വർഷം. പാകിസ്ഥാന്‍ പിടിച്ചെടുത്ത മേഖലകള്‍ വീണ്ടെടുത്ത ശേഷം യുദ്ധവിജയത്തിന്‍റെ പ്രഖ്യാപനം1999 ജൂലൈ 26 നായിരുന്നു. ഇന്ത്യന്‍ വിജയത്തിനായി ജീവൻ നൽകിയ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യന്‍ യോദ്ധാക്കളുടെ ധീരത രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനത്തിന്‍റെ ഉറവിടമായി നിലകൊള്ളുന്നുവെന്നതാണ് ഈ ദിവസം മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
'കാർഗിൽ വിജയ് ദിവസ്' : ഇന്ത്യൻ സേനയുടെ ആത്മാഭിമാനവും സായുധ വിജയവും അടയാളപ്പെടുത്തിയ രണ്ട് മാസക്കാലം നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്‌ടമായത്. കൊടും തണുപ്പിലും രാജ്യത്തിന് വേണ്ടി യുദ്ധക്കളത്തിലേയ്‌ക്ക് ഇറങ്ങി പൊരുതിയ ധീര ജവാന്മാരുടെ സ്‌മരണാർഥമാണ് 'കാർഗിൽ വിജയ് ദിവസ്' ആചരിക്കുന്നത്. 1999 മെയ് എട്ടിന് കശ്‌മീരി തീവ്രവാദികളായി വേഷമിട്ട പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖ പിന്നിട്ട് ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകയറുകയായിരുന്നു. ദ്രാസ് മേഖലയിൽ കാണാതായ ആടിനെ തെരഞ്ഞിറങ്ങിയ ആട്ടിടയനാണ് പാകിസ്ഥാന്‍റെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ആദ്യം വിവരം നൽകിയത്.
also read :Ram Temple Ayodhya | അയോധ്യയില്‍ ശ്രീരാമ പ്രതിഷ്‌ഠ കര്‍മത്തിലേക്ക് മോദിക്ക് ക്ഷണം; അതിഥികളായി പതിനായിരം പേര്‍
ഇത് മനസിലാക്കി 'ഓപ്പറേഷൻ വിജയ്' എന്ന ദൗത്യത്തിലൂടെ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തിനെതിരെ തിരിച്ചടിച്ചു. ഏറ്റവും കഠിനമായ കാലാവസ്ഥയെയും തരണം ചെയ്‌ത് ഏറ്റവും വെല്ലുവിളി നിറഞ്ഞ പർവതപ്രദേശങ്ങളില്‍ നടത്തിയ പോരാട്ടത്തിൽ ദ്രാസ്, കാർഗിൽ, ബതാലിക് എന്നീ മൂന്ന് മേഖലകളിലും ഇന്ത്യൻ സായുധ സേന പാക് സൈന്യത്തെ വിജയകരമായി പരാജയപ്പെടുത്തി. കര, നാവിക, വ്യോമ സേനകളുടെ പങ്കാളിത്തത്തോടെ രണ്ടുമാസക്കാലം നീണ്ടുനിന്ന യുദ്ധത്തിൽ 453 പാകിസ്ഥാൻ സൈനികരെ വധിച്ച് ഇന്ത്യൻ സൈന്യം വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിക്കുകയായിരുന്നു.
also read :India Pak Wedding |നസ്‌റുള്ളയുടെ 'ഫാത്തിമ'; കാമുകനെ തേടി പാകിസ്‌താനിലേക്ക് പോയ ഇന്ത്യന്‍ യുവതി അഞ്‌ജു വിവാഹിതയായി
പുഷ്‌പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി :കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ച് യോദ്ധാക്കള്‍ക്ക് ആദരാഞ്‌ജലി അർപ്പിച്ചു. രക്തസാക്ഷികൾ പ്രകടിപ്പിച്ച ധീരതയും വീര്യവും എല്ലാവർക്കും പ്രചോദനമായി നിലനിൽക്കുമെന്നും സായുധ സേനയുടെ ത്യാഗങ്ങളെയും സേവനങ്ങളെയും രാജ്യം അഭിവാദ്യം ചെയ്യുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരി കുമാർ എന്നിവരും വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ചു.