ചാമരാജനഗര്‍ (കര്‍ണാടക): ലോകോത്തര തലത്തില്‍ തന്നെ പ്രശസ്‌തമായ ബന്ദിപൂര്‍ കടുവ സങ്കേതം സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. കടുവകളുടെ ആവാസ വ്യവസ്ഥയിലെ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ബന്ദിപൂരാണ് അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 1973ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബംഗാള്‍ കടുവകളുടെ സംരക്ഷണത്തിനായി ആരംഭിച്ച ഒമ്പത് കടുവ സങ്കേതങ്ങളില്‍ ഒന്നായിരുന്നു ബന്ദിപൂര്‍. തുടക്കത്തില്‍ 10 മുതല്‍ 12 ബംഗാള്‍ കടുവകളായിരുന്നു ബന്ദിപൂരിലുണ്ടായിരുന്നത്.
സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങി ബന്ദിപൂര്‍ കടുവ സങ്കേതം അതേസമയം കടുവ സങ്കേതങ്ങളുടെ കൂട്ടത്തില്‍ രാജ്യത്തിന് തിലകക്കുറിയായി മാറിയ ബന്ധിപൂരിന് വന സംരക്ഷണത്തില്‍ 97.05 ശതമാനം മാര്‍ക്കാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എന്‍ടിസിഎ) നല്‍കിയിരിക്കുന്നത്. അറുപതോളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എന്‍ടിസിഎയുടെ ഈ അംഗീകാരം.
പതിയെ തുടങ്ങി, പിന്നീട് പന്തലിച്ചു: 1973 ല്‍ ബന്ദിപൂര്‍ കടുവ സങ്കേതം സ്ഥാപിതമാകുമ്പോള്‍ 12 ല്‍ താഴെ ബംഗാള്‍ കടുവകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ 2020 ല്‍ ഇവിടെ ഏതാണ്ട് 140 കടുവകളോളം കാണുമെന്ന് അധികൃതര്‍ കണക്കുകളിലൂടെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയെങ്കില്‍ 2023 മാര്‍ച്ചിലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 150 മറികടക്കുമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. അതേസമയം കടുവകളുടെ എണ്ണം കേവലം പത്തില്‍ നിന്ന് പത്തിരട്ടിയില്‍ അധികം എത്തിച്ചതുവഴി ബന്ദിപൂര്‍ കടുവ സങ്കേതവും അധികൃതരും കയ്യടി അര്‍ഹിക്കുന്നുണ്ട്.
'കടുവ'യില്‍ ഒതുങ്ങില്ല:കടുവ സങ്കേതം മാത്രമായി ബന്ദിപൂരിനെ കരുതാനാവില്ല. കാരണം 13 സോണുകളും മൂന്ന് സബ് ഡിവിഷനുകളുമായി കാട്ടാനകള്‍ക്കായുള്ള ക്യാമ്പും സങ്കേതത്തിനകത്തുണ്ട്. കേരളത്തിനോടും തമിഴ്‌നാടിനോടും വനാതിര്‍ത്തി പങ്കിട്ട് 1,200 സ്ക്വയര്‍ കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന ബന്ദിപൂര്‍ മറ്റ് മൃഗങ്ങളുടെ കൂടി ആവാസ സ്ഥലമാണ്. ജലത്തിന്‍റെ സുലഭമായ ലഭ്യതയും, വേട്ടയാടല്‍ നിരോധനവും, രാത്രി സഞ്ചാര വിലക്ക് ഇല്ലാത്തതുമെല്ലാം ബന്ദിപൂരിനെ മൃഗങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നു.
ബന്ദിപൂര്‍ കടുവാ സങ്കേതം അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ വരുന്ന മാസത്തില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. വന്യജീവികളെ പരിചയപ്പെടുത്തികൊണ്ടുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനവും, പരിസ്ഥിതിപ്രവര്‍ത്തകരെ അണിനിരത്തിയുള്ള സംവാദങ്ങളും, ബന്ദിപൂര്‍ സംരക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കുള്ള ആദരവും തുടങ്ങിയുള്ള പരിപാടികളുടെ അവസാനവട്ട പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് വനം സംരക്ഷകന്‍ ഡോ.രമേശ് കുമാര്‍ അറിയിച്ചു.