കാണ്‍പൂര്‍:ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരനെ തട്ടിക്കൊണ്ടുപോയി ദേഹമാസകലം ആസിഡ് ഒഴിച്ച് പൊള്ളിച്ച് ഭിക്ഷാടന മാഫിയക്ക് വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. മനുഷ്യക്കടത്ത് സംഘം 70,000 രൂപയ്ക്കാണ് ഇയാളെ ഡൽഹിയിലെത്തിച്ച് വില്‍പന നടത്തിയത്. തുടര്‍ന്ന്, യുവാവിന്‍റെ നില വഷളായതോടെ ഭിക്ഷാടന സംഘം ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ഉപേക്ഷിച്ചതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്.
30കാരനെ ആസിഡൊഴിച്ച് പൊള്ളിച്ചു, ഭിക്ഷാടന സംഘത്തിന് വിറ്റത് 70,000 രൂപയ്‌ക്ക്; അന്വേഷണം ഊര്‍ജിതം - ഭിക്ഷാടന മാഫിയ സംഘം
ആസിഡ് ഒഴിച്ച് ദേഹമാസകലം പൊള്ളലേറ്റ യുവാവിന്‍റെ നില വഷളായതോടെ ഭിക്ഷാടന മാഫിയ സംഘം കാണ്‍പൂരിലെ പാതയോരത്ത് തള്ളുകയായിരുന്നു
ആറുമാസം മുന്‍പ് കാൺപൂരിൽ ജോലി തേടി എത്തിയ സുരേഷ് മാഞ്ചി എന്നയാളാണ് ക്രൂരതയ്‌ക്ക് ഇരയായത്. മര്‍ദിച്ച് കൈയ്‌ക്കും കാലിനും ക്ഷതമേല്‍പ്പിച്ച് കണ്ണിൽ രാസലായനി ഒഴിച്ച് അന്ധനാക്കി. തുടര്‍ന്ന്, ചൂടുള്ള ആസിഡ് ഒഴിച്ച് പലതവണ പൊള്ളിച്ചു. ശേഷമാണ്, സംഘം സുരേഷിനെ ഡൽഹിയിലെ ഭിക്ഷാടന മാഫിയ തലവന് കൈമാറിയത്. അവിടെവച്ച് മറ്റൊരു സംഘത്തിന് ഇയാള്‍ 70,000 രൂപയ്‌ക്ക് വിറ്റു.
യുവാവിന്‍റെ പരിചയക്കാരനാണ് ബന്ദിയാക്കി ദേഹത്ത് ആസിഡൊഴിച്ച് ക്രൂരത കാണിച്ചത്. സുരേഷ് മാഞ്ചിയുടെ നില വഷളായപ്പോൾ ഭിക്ഷാടന സംഘം ഇന്നാണ് (നവംബര്‍ നാല്) കാണ്‍പൂരിലെത്തിച്ച് വഴിയില്‍ തള്ളിയത്. പ്രദേശത്തെ കൗൺസിലർ പ്രശാന്ത് ശുക്ലയാണ് ഇയാളെ കണ്ടെത്തിയത്. ശേഷം, കൗൺസിലറുടെ സഹായത്തോടെ സുരേഷ് നൗബസ്‌ത പൊലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി എസിപി വികാസ് കുമാർ പാണ്ഡെ പറഞ്ഞു. ഭിക്ഷാടന സംഘത്തെ ഉടൻ വെളിച്ചത്തുകൊണ്ടു വരുമെന്ന് പൊലീസ് കമ്മിഷണർ ബിപി ജോഗ്‌ദന്ദും വ്യക്തമാക്കി.