ബോളിവുഡ് സൂപ്പര്‍ താരം കങ്കണ റണാവത്തിന്‍റെ Kangana Ranaut ഏറ്റവും പുതിയ ചിത്രമാണ് 'എമര്‍ജന്‍സി' Emergency. തന്‍റെ എറ്റവും പുതിയ ചിത്രത്തിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി. അടിയന്തരാവസ്ഥയെ നമ്മുടെ ചരിത്രത്തിലെ ഇരുണ്ട ഘട്ടം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് താരം ടീസര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ടീസറിനൊപ്പം സിനിമയുടെ റിലീസ് തീയതിയും താരം പങ്കുവച്ചിട്ടുണ്ട്. ലോകമൊട്ടാകെ നവംബർ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി Indira Gandhi രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ 48-ാം വർഷത്തിലാണ് 'എമര്‍ജന്‍സി'യുടെ ടീസര്‍ പുറത്തിറങ്ങുന്നത്. ടീസറിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'സംരക്ഷകനോ അതോ ഏകാധിപതിയോ? നമ്മുടെ രാഷ്ട്രത്തലവൻ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, ചരിത്രത്തിലെ ഇരുണ്ട ഘട്ടത്തിന് സാക്ഷ്യം വഹിച്ചു.' -ഇപ്രകാരമാണ് കങ്കണ കുറിച്ചത്.
സംവിധായിക തൊപ്പി അണിയുന്ന കങ്കണ, ചിത്രത്തില്‍ മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് അവതരിപ്പിക്കുക. നേരത്തെ വന്ന റിപ്പോർട്ടുകള്‍ പ്രകാരം, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമാണ് 'എമര്‍ജന്‍സി' പറയുന്നത്.
'നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇരുണ്ടതുമായ അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ.' -എന്നാണ് സിനിമയെ കുറിച്ച് കങ്കണ റണാവത്ത് പറയുന്നത്. കങ്കണയുടെ സ്വപ്‌ന പദ്ധതി കൂടിയാണ് 'എമര്‍ജന്‍സി'. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവങ്ങളിലൊന്ന് രാജ്യത്തെ യുവ തലമുറ അറിയണമെന്നും താരം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ നിന്നുള്ള ഈ അസാധാരണ അദ്ധ്യായം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടു വരുന്നതിൽ താൻ ആവേശഭരിതയാണെന്നും കങ്കണ പറയുന്നു.