ഹൈദരാബാദ്:നിലവിലെ മുഖ്യമന്ത്രിയേയും നിയുക്ത മുഖ്യമന്ത്രിയേയും തോല്‍പിച്ച് അത്യപൂർവ തെരഞ്ഞെടുപ്പ് വിജയവുമായി ബിജെപി സ്ഥാനാർഥി. തെലങ്കാനയിലാണ് അത്യപൂർവ വിജയം. ബിജെപി സ്ഥാനാർഥി കാടിപ്പള്ളി വെങ്കിടരമണ റെഡ്ഡിയാണ് ആയിരത്തിലേറേ വോട്ടുകൾക്ക് കാമറെഡ്ഡി നിയോജക മണ്ഡലത്തില്‍ വിജയം നേടിയത്. നിയുക്ത മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയാണ് രണ്ടാംസ്ഥാനത്ത്. നിലവിലെ തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖരറാവുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി സ്ഥാനാർഥിയുടെ വിജയം.
നരേന്ദ്രമോദി തെലങ്കാനയില്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് കാമറെഡ്ഡി. കഴിഞ്ഞ തവണ കാടിപ്പള്ളി വെങ്കിടരമണ റെഡ്ഡി കാമറെഡ്ഡിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ഗജ്‌വേലിലും കാമറെഡ്ഡിയിലുമാണ് കെസിആർ ഇത്തവണ മത്സരിച്ചത്. ഇതില്‍ സ്വന്തം മണ്ഡലമായ ഗജ്‌വേലില്‍ കെസിആർ ജയിച്ചു കയറി. അതേസമയം കോടങ്കലിലും കാമറെഡ്ഡിയിലുമാണ് രേവന്ത് റെഡ്ഡി ഇത്തവണ മത്സരിച്ചത്. ഇതില്‍ സ്വന്തം മണ്ഡലമായ കോടങ്കലില്‍ ജയിച്ചെങ്കിലും കാമറെഡ്ഡിയില്‍ പരാജയമറിഞ്ഞു. കെസിആറോ രേവന്ത് റെഡ്ഡിയോ വിജയിച്ചാല്‍ കാമറെഡ്ഡിയില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത ഉണ്ടാകുമായിരുന്നു. ബിജെപി സ്ഥാനാർഥിയുടെ വിജയത്തോടെ അതില്ലാതായി.
അതേസമയം കെ ചന്ദ്രശേഖര റാവുവിന് മൂന്നാമൂഴം നല്‍കാതെ തെലങ്കാനയില്‍ കോൺഗ്രസ് ചരിത്ര വിജയം നേടി. കോൺഗ്രസ് 64 സീറ്റുകൾ നേടി തെലങ്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണം ഉറപ്പിച്ചപ്പോൾ ബിആർഎസിന് 39 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി എട്ട് സീറ്റിലും എംഐഎം ഏഴ് സീറ്റിലും സിപിഐ ഒരു സീറ്റിലും മുന്നിലാണ്. 2018ല്‍ ഒരു സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ മികച്ച വിജയം നേടിയാണ് നിയമസഭയിലേക്ക് എത്തുന്നത്.
also read: ഹിന്ദി ഹൃദയം കീഴടക്കി താമര, മോദി തരംഗമെന്ന് ബിജെപി...ഇനി ലോക്‌സഭയിലേക്ക്...ബ്ലോക്കായി ഇന്ത്യ മുന്നണി