ന്യൂഡൽഹി :രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം)അധ്യക്ഷനുമായ കമൽ ഹാസൻ. ഹരിയാനയിലെ പര്യടനം പൂർത്തിയാക്കി ഞായറാഴ്‌ച രാവിലെ ഡൽഹിയിൽ പ്രവേശിച്ചപ്പോഴാണ് താരം പദയാത്രയിൽ പങ്കാളിയായത്.
ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ രാഹുൽ ഗാന്ധിക്കൊപ്പം താരം സഞ്ചരിച്ചു. മക്കൾ നീതി മയ്യം നേതാക്കളും കമലിനൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമൽ ഹാസൻ സംസാരിച്ചു.
പാർട്ടി നേതാവല്ല, ഇന്ത്യൻ പൗരൻ :താനൊരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ഞാനിവിടെ വന്നതെന്ന് നിരവധി പേർ ചോദിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരനായാണ് ഇവിടെ നിൽക്കുന്നത്. എന്‍റെ അച്ഛൻ ഒരു കോൺഗ്രസുകാരനാണ്.
എന്‍റെ ആദർശങ്ങളും പ്രത്യയശാസ്‌ത്രങ്ങളും വ്യത്യസ്‌തമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും ചെയ്‌തു. പക്ഷേ രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാ പാർട്ടികളും അവരുടെ അതിർവരമ്പുകൾക്കപ്പുറം ഒന്നിക്കണം. അത്തരത്തിലാണ് ഞാനിവിടെ എത്തിയത്' - കമൽ ഹാസൻ പറഞ്ഞു.
'കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ഞാൻ എന്നോട് തന്നെ പറഞ്ഞു- രാജ്യത്തിന് എന്നെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. അപ്പോഴാണ് ഒരു ശബ്‌ദം എന്‍റെ ഉള്ളിൽ നിന്ന് വന്നത്; 'കമൽ, ഇന്ത്യയെ തകർക്കാൻ കൂട്ടുനിൽക്കരുത്, ഒന്നിപ്പിക്കാൻ സഹായിക്കൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് വേണ്ടിയുള്ളതാണ് ഭാരത് ജോഡോ യാത്രയെന്നും അത് പാർട്ടികൾക്ക് അതീതമാണെന്നും ഒരു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞ എംഎൻഎം മേധാവി, പാർട്ടി അണികളോട് പദയാത്രയിൽ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിലല്ല, മറിച്ച് രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ച് കത്തെഴുതിയിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസിനൊപ്പം പുതിയൊരു സഖ്യകക്ഷിയായി മക്കൾ നീതി മയ്യം മാറിയേക്കുമെന്നതിന്‍റെ സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
അണിചേർന്ന് നെഹ്‌റു കുടുംബം :കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, ഭൂപീന്ദർ സിങ് ഹൂഡ, രൺദീപ് സുർജേവാല, ജയ്റാം രമേശ്, പവൻ ഖേര, കുമാരി സെൽജ തുടങ്ങി നിരവധി പേരാണ് യാത്രയുടെ ഭാഗമായത്. ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ അണിചേരുന്നത്. പദയാത്ര കർണാടകയിൽ പ്രവേശിച്ചപ്പോഴായിരുന്നു സോണിയ ആദ്യമായി യാത്രയിൽ പങ്കാളിയായത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന ബിജെപി : അതേസമയം യഥാർഥ ഹിന്ദുസ്ഥാൻ എന്താണെന്ന് മനസിലാക്കി നൽകുകയാണ് പദയാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'ആർഎസ്എസിന്‍റെയും ബിജെപിയുടെയും വിദ്വേഷം നിറഞ്ഞ ഇന്ത്യ എന്ന ആശയത്തിൽ നിന്നും വ്യത്യസ്‌തമായി ജനങ്ങൾ പരസ്‌പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന യഥാർഥ ഹിന്ദുസ്ഥാൻ പ്രദർശിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഈ യാത്രയിൽ വിദ്വേഷമില്ല. ആരെങ്കിലും വീണുപോയാൽ എല്ലാവരും ഒരുപോലെ താങ്ങിനിർത്തും'
READ MORE:'ജനങ്ങള്‍ യഥാര്‍ഥ ഇന്ത്യ കണ്ടത് ഭാരത് ജോഡോ യാത്രയില്‍, ബിജെപിയുടേത് വിദ്വേഷ രാഷ്‌ട്രീയം'; രാഹുല്‍ ഗാന്ധി
ഡൽഹിയിൽ പ്രവേശിച്ചതിന് പിന്നാലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനാളുകള്‍ റാലിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും രാഹുൽ ഗാന്ധി നന്ദി പറയുകയും ചെയ്‌തു. ഇന്ന് ചെങ്കോട്ടയിൽ താത്കാലികമായി പര്യവസാനിച്ച യാത്ര, ഒമ്പത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജനുവരി മൂന്നിന് പുനരാരംഭിക്കും.