ചെന്നൈ :തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാക്കി. ഇതിന്‍റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച (21/07/2022)ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
അതേസമയം കള്ളക്കുറിച്ചി കലക്ടറേയും പൊലീസ് സൂപ്രണ്ടിനേയും സര്‍ക്കാര്‍ സ്ഥലം മാറ്റി. ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ പി പക്കളവനെ ജില്ല പൊലീസ് മേധാവിയായി നിയമിച്ചു. ഇദ്ദേഹത്തിനാകും ഇനിമുതല്‍ കേസിന്‍റെ അന്വേഷണ ചുമതല. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.
കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും നീതിക്കായി എല്ലാ സഹായങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തിരുന്നു.
മാതാപിതാക്കളെ നേരില്‍ കണ്ട് മന്ത്രിമാര്‍ :വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ പൊതുമരാമത്ത് മന്ത്രി ഇവി വേലുവും വിദ്യഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും നേരില്‍ കണ്ടിരുന്നു. ജൂലൈ 13നാണ് കുട്ടിയെ മരിച്ച നിലയില്‍ സ്കൂളില്‍ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് എല്ലാ തരത്തിലുമുള്ള സഹായവും നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി കൂടിയായ അൻപിൽ മഹേഷ് പറഞ്ഞു.
സ്‌കൂളിലെ മറ്റ് കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ച അദ്ദേഹം പഠനവുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. സ്കൂളിന് നേരെ നടന്ന ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്കൂളില്‍ പരിശോധന നടത്തിയ പൊലീസ് സംഘം കുട്ടികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായ അക്രമസംഭവങ്ങളില്‍ കത്തി നശിച്ച രേഖകളും കസേരകളും ഡെസ്കുകളും ഉള്‍പ്പടെയുള്ളവയുടെ കണക്കെടുപ്പും പൊലീസ് നടത്തിവരുന്നുണ്ട്.
ആക്രമണത്തിന്‍റെ മറവില്‍ സ്കൂളില്‍ മോഷണം :ആക്രമണത്തിന്‍റെ മറവില്‍ സ്കൂളില്‍ നിന്ന് നിരവധി വസ്തുക്കള്‍ മോഷണം പോയതായി പൊലീസ് കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് വേഗത്തില്‍ കഴിയുന്ന കാര്യമല്ലെന്നും കെട്ടിടത്തിന് അടക്കം കേടുപാടുകള്‍ സംഭവിച്ചെന്നും മന്ത്രി പറഞ്ഞു.
3000 കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. നിലവില്‍ സ്ഥാപനത്തിലെ കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ തയ്യാറായാല്‍ ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അന്‍പില്‍ മഹേഷ് അറിയിച്ചു.
Also Read: കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മീറ്റിംഗിൽ മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘം വിഷയം വിശദമായി ചര്‍ച്ച ചെയ്‌തു. അതേസമയം നിരവധി വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠനം തുടരാന്‍ ആഗ്രിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠനത്തിൽ വിടവ് ഉണ്ടാകാതിരിക്കാൻ ഉടന്‍ നടപടിയെടുക്കുമെന്നും മഹേഷ് പൊയ്യമൊഴി മുഖ്യമന്ത്രിയെ അറിയിച്ചു.
ചിന്നസേലം കണിയാമൂർ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയെ ജൂലൈ 13നാണ് ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന്‍റെ മൂന്നാം നിലയിലെ മുറിയിൽ താമസിക്കുകയായിരുന്ന പെൺകുട്ടി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുൻപ് പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതിനാൽ മരണം ആത്മഹത്യയല്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും, സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധിയും ഉള്‍പ്പടെ റിമാന്‍ഡില്‍ കഴിയുകയാണ്.