ന്യൂഡൽഹി :കൊച്ചി കളമശേരിയിലെ സാമ്രാ കൺവെഷൻ സെന്‍ററിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്‌ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ അമിത് ഷാ വിലയിരുത്തിയതായി വൃത്തങ്ങൾ അറിയിച്ചു (Kalamassery Convention Centre Blast).
'സ്‌ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു', വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം ഭീകരവിരുദ്ധ സേനയായ ദേശീയ സുരക്ഷ ഗാർഡിന്‍റെയും (എൻഎസ്‌ജി) ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) സംഘങ്ങളെ കേരളത്തിലേക്ക് അയക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശിച്ചു. നിലവിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (Anti Terrorist Squad) ഉൾപ്പെടെയുള്ള അന്വേഷണ സംഘം കളമശ്ശേരിയിൽ പരിശോധന നടത്തി വരികയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഇന്ന് (ഒക്‌ടോബർ 29) രാവിലെ 9:30 ഓടെയാണ് പൊട്ടിത്തെറി നടന്നത്. ഒരേ സമയം ഒന്നിലധികം പൊട്ടിത്തെറി നടന്നതായാണ് വിവരം. അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണപ്പെട്ടയാളുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
സ്‌ഫോടനത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പ്രാർഥനയ്‌ക്കിടെയാണ് കൺവെൻഷൻ സെന്‍ററിന്‍റെ മധ്യഭാഗത്തായി സ്‌ഫോടനം നടന്നത്.
ഉഗ്ര ശബ്‌ദത്തോടെയാണ് സ്‌ഫോടനം നടന്നത്. ഒന്നിലധികം സ്‌ഫോടനം നടന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി നടന്നുവരുന്ന യഹോവ സാക്ഷികളുടെ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് സ്‌ഫോടനം നടന്നത്.
READ ALSO:Explosion In Jehovah's Witnesses Convention: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം, ഒരു മരണം, 23 പേർക്ക് പരിക്ക്