ചെന്നൈ :ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം പോലും ലഭിക്കാതെ, നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം ഉന്നത വിദ്യാഭ്യാസം നേടിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു പെണ്‍കുട്ടി. ഇരുളര്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട കെ റോജയാണ് പ്രതിസന്ധികളെ മനക്കരുത്താല്‍ തളച്ച് വെന്നിക്കൊടി പാറിച്ചത്. ഭരണകൂടത്തിന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെ മറികടന്ന് ബിരുദവും ബിരുദാനന്ത ബിരുദവും കടന്ന് പി.എച്ച്.ഡി പഠനത്തില്‍ എത്തിനില്‍ക്കുകയാണ് ഈ മിടുമിടുക്കി.
വഴിത്തിരിവായി പ്രൊഫസറുടെ ഇടപെടല്‍ :തമിഴ്‌നാടിന്‍റെ വടക്കൻ മേഖലയായ വില്ലുപുരം ജില്ലയിലെ മാരൂർ ഗ്രാമത്തിൽ കാളിവരതന്‍റെയും കുമാരിയുടെയും മകളാണ് റോജ. മൂന്ന് കുട്ടികളില്‍ മൂത്തവളാണ്. നാല് വയസായപ്പോള്‍ വീട്ടുകാര്‍ റോജയെ അടുത്ത സർക്കാർ വിദ്യാലയത്തില്‍ ഔദ്യോഗികമായി അഡ്‌മിഷന്‍ എടുക്കാതെ ക്ലാസിലിരിക്കാന്‍ പറഞ്ഞയച്ചിരുന്നു. പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പ്രധാനാധ്യാപകന്‍ നിര്‍ദേശിച്ചു.
ഇതേതുടര്‍ന്നാണ്, റോജയെ മാതാപിതാക്കള്‍ സ്‌കൂളില്‍ ചേര്‍ത്തത്. പിന്നീട്, 500 ൽ 275 മാർക്ക് നേടി എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചു. പ്ലസ് ടുവില്‍ 1200 ൽ 772 മാർക്കും നേടാന്‍ റോജയ്‌ക്കായി. ശേഷം, പ്രൊഫസറായ കല്യാണിയുടെ നിര്‍ദേശപ്രകാരം വില്ലുപുരം അരിഗ്‌നര്‍ അണ്ണ സര്‍ക്കാര്‍ കോളജിൽ ബി.എസ്.സി ബോട്ടണി കോഴ്‌സിന് ചേരാൻ അവള്‍ അപേക്ഷിച്ചു.
കാലം പുരോഗമിച്ചു, ലഭിക്കാതെ ജാതി സർട്ടിഫിക്കറ്റുകള്‍ :ഉന്നത വിദ്യാഭ്യാസം തങ്ങളുടെ കുടുംബത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് ഉറച്ചുചിന്തിച്ചവരായിരുന്നു റോജയുടെ മാതാപിതാക്കള്‍. കോളജിൽ ചേരാൻ അപേക്ഷിച്ചത് പോലും പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചില്ല. ഡിഗ്രി പഠനത്തിനായി കോളജിൽ എത്തിയപ്പോഴാണ് റോജയ്ക്ക് അര്‍ഹതപ്പെട്ട ഗോത്ര വിഭാത്തിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് നേരിട്ടത്.
ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചില്ല. എന്നാൽ, അവസാനഘട്ടത്തില്‍ ബോട്ടണി കോഴ്‌സില്‍ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രിന്‍സിപ്പാല്‍ പ്രവേശനം നൽകി. ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ സ്‌കോളർഷിപ്പ് നൽകാനാവില്ലെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന തനിക്ക് പഠനം തുടരാൻ ജാതി സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അവള്‍ മനസിലാക്കി.