ന്യൂഡല്‍ഹി:ഇന്ത്യയുടെ 48-മത് ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു. രാവിലെ 11 മണിയോടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് എന്‍വി രമണ ചുമതലയേറ്റത്. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് അദ്ദേഹത്തന്‍റെ ഔദ്യോഗിക കാലാവധി. ആന്ധ്രാപ്രദേശിലെ പൊന്നാവരം ഗ്രാമത്തില്‍ 1957 ഓഗസ്റ്റ് 27നാണ് എന്‍വി രമണയുടെ ജനനം. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ നിര്‍ണായക സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു - Justice NV Ramana
2022 ഓഗസ്റ്റ് 26 വരെയാണ് എന്‍വി രമണയുടെ ഔദ്യോഗിക കലാവധി.
2000 ജൂൺ 27 നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിര ജഡ്‌ജിയായി അദ്ദേഹം നിയമിതനാകുന്നത്. 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസായും സേവനം അനുഷ്‌ഠിച്ച അദ്ദേഹം 2013 സെപ്‌തംബറില്‍ ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിചുമതലയേറ്റു. പിന്നീട് 2014ല്‍ സുപ്രിംകോടതി ജഡ്‌ജിയായി നിയമിതനായി.
ബംഗളൂരു നാഷ്‌ണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് എന്‍വി രമണ. ആന്ധ്രാപ്രദേശ് ജുഡീഷ്യല്‍ അക്കാദമി അധ്യക്ഷനായിരുന്ന കാലത്ത് ഇന്ത്യന്‍ നിയമ സംവിധാനത്തിന്‍റെ പുരോഗതിക്ക് നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്‌ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ജസ്റ്റിസ് വർമ്മ കമ്മിഷന് അദ്ദേഹം സമര്‍പ്പിച്ച ശുപാര്‍ശകള്‍ ക്രിമിനൽ നടപടിക്രമങ്ങളുടെ കോഡുകള്‍ ഒരു പരിധിവരെ ഭേദഗതി ചെയ്യാൻ കാരണമായി. ഹൈക്കോടതി ജഡ്‌ജി എന്ന നിലയിൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഒഴിവുകൾ നികത്താൻ അദ്ദേഹം സംസ്ഥാനത്തിന് നൽകിയ നിർദേശം ക്രിമിനൽ വിചാരണ വേഗത്തിലാക്കാനും ക്രിമിനൽ ജസ്റ്റിസ് അഡ്‌മിനിസ്ട്രേഷന്‍റെ വേഗതയിൽ മാറ്റം വരുത്താനും കാരണമായിട്ടുണ്ട്.