ഒരു പനി വന്നാല്‍, ശരീരത്ത് എവിടെയെങ്കിലും അസഹനീയമായ വേദന വന്നാല്‍, അങ്ങനെ തുടങ്ങി നമ്മുടെ നിത്യജീവിതത്തെ അസ്വസ്ഥത പെടുത്തുന്ന ഏത് വേദനയും, പിന്നെ ജീവിതം തന്നെ അവസാനിച്ചു പോകുമെന്ന് തോന്നിപ്പോകുന്ന ഏത് രോഗത്തേയും ദൈവത്തിന്‍റെ കൈ പോലെ നമ്മെ തലോടി ആശ്വസിപ്പിച്ച് ജീവന്‍റെ പ്രകാശത്തിലേക്ക് നയിക്കുന്ന പുഞ്ചിരി തൂകിയ മുഖം! അതാണ് നമുക്ക് ഓരോരുത്തര്‍ക്കും ഡോക്ടര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്. ഈ കൊവിഡ് കാലത്ത് നമ്മുടെ കാവലാളുകളുടെ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുമ്പോള്‍ അവരുടെ സേവനങ്ങളെയും ത്യാഗത്തേയും ഒരിക്കല്‍ കൂടി ഓര്‍ക്കാം.
എന്തുക്കൊണ്ട് ഈ ദിനം
ഇതിഹാസ വൈദ്യനും ബംഗാള്‍ മുൻ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്‍റും കൂടിയായിരുന്നു ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനവും മരണദിനവുമായ ജൂലൈ ഒന്നാണ് ഡോക്ടേഴ്സ് ദിനമായി രാജ്യം ആചരിക്കുന്നത്. 1882 ജൂലൈ 1ന് ജനിച്ച അദ്ദേഹം 1962 ജൂലൈ 1ന് അന്തരിച്ചു. ഡോ. ബി.സി. റോയ് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആരോഗ്യ രംഗത്ത് ഏറെ സേവനങ്ങള്‍ നല്‍കിയ അദ്ദേഹം സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും ഓര്‍മിക്കാനും ഡോക്ടര്‍മാര്‍ക്ക് ആദരം അര്‍പ്പിക്കാനുമായി 1991ല്‍ ജൂലൈ 1 മുതലാണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ റോയ് ഒരു പ്രധാന പങ്ക് വഹിച്ചു.
സ്വന്തം ജീവൻ പോലും ത്യജിച്ചവര്‍
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടർമാർ മരിച്ചുവെന്നാണ് കണക്ക്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ കൊവിഡ് ബാധിച്ച് മരിച്ചത് (128). ബിഹാറിൽ 115, ഉത്തർപ്രദേശിൽ 79, മഹാരാഷ്ട്ര 23,കേരളം 25, പശ്ചിമബംഗാൾ 62, രാജസ്ഥാൻ 44, ജാർഖണ്ഡ് 39, ആന്ധ്രപ്രദേശ് 40 എന്നിങ്ങനെയാണ് കണക്കുകൾ.
കൊവിഡ് മൂലം മരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ കാലാവധി കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചത് ഈ കൂട്ടർക്ക് ആശ്വാസമാണ്. മഹാമാരിക്കാലത്ത് ഡോക്‌ടർന്മാർ നടത്തുന്ന സേവനങ്ങൾക്ക് വിലമതിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
കൊവിഡ് സാഹചര്യത്തിൽ വീട്ടുകാരെയും കുടുംബാംഗങ്ങളെ കാണാതെ ജോലി ചെയ്യുന്നവരാണ് അധികം ഡോക്ടര്‍മാരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും രോഗത്തെ ക്ഷണിച്ച് വരുത്തുന്നവർ ഇവരുടെ കഠിന പ്രയത്‌നങ്ങളെയാണ് വെല്ലുവിളിക്കുന്നത്.
ലി വെൻലിയാങിനെ മറക്കരുത്
കൊവിഡ് പുറം ലോകത്തിനോട് പറഞ്ഞ ലി വെൻലിയാങ് മുതൽ കൊവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ഡോക്‌ടർന്മാർ വരെ ഈ ദിനത്തിൽ ഓർമിക്കപ്പെടേണ്ടവരാണ്. വുഹാനിൽ പടരുന്ന രോഗത്തെക്കുറിച്ച് ഔദ്യോഗിക സമ്മതമില്ലാതെ പുറത്തുപറഞ്ഞുവെന്ന് കുറ്റം നേത്രരോഗ വിദഗ്‌ധനായ ലി വെൻലിയാങിനുമേൽ ചുമത്തപ്പെട്ടു. 2020 ഫെബ്രുവരി ഏഴിനാണ് അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചത്.