അമരാവതി :ജഡ്‌ജിമാര്‍ സ്വയം ജഡ്‌ജിമാരെ നിയമിക്കുന്നുവെന്നത് മിഥ്യാധാരണ മാത്രമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ജഡ്‌ജി നിയമന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു. വിജയവാഡ സിദ്ധാർഥ ലോ കോളജിൽ അഞ്ചാമത് ശ്രീ ലവു വെങ്കിടേവര എൻഡോവ്‌മെന്‍റ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ - ഭാവിയിലെ വെല്ലുവിളികൾ' എന്നതായിരുന്നു പ്രഭാഷണ വിഷയം.
അടുത്ത കാലത്തായി ജഡ്‌ജിമാര്‍ക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചില്ലെങ്കിൽ ജഡ്‌ജിമാര്‍ക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും വിവിധ മാധ്യമങ്ങളിലൂടെ അവർക്കെതിരെ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു.
പബ്ലിക് പ്രോസിക്യൂഷന്‍ സംവിധാനത്തെ സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകണമെന്നും കോടതിയോട് മാത്രമേ മറുപടി പറയേണ്ടതുള്ളൂവെന്ന് വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്‌ജിമാര്‍ സ്വയം ജഡ്‌ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മിഥ്യകളിലൊന്നാണ്. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍ററി ചർച്ചയ്ക്കിടെ കേരളത്തിൽ നിന്നുള്ള എം.പി ജോൺ ബ്രിട്ടാസ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നു. ഹൈക്കോടതി, സുപ്രീംകോടതി ഭേദഗതി, 2021 ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ജഡ്‌ജി നിയമന സംവിധാനത്തെ വിമര്‍ശിച്ചത്.