റായ്‌പൂര്‍:ബിജെപിയെ പരിഹസിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കോണ്‍ഗ്രസ് വികസന മാതൃക പഠിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഛത്തീസ്‌ഗഢ് സന്ദര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇവിടെ വരുന്നത് നമ്മുടെ സംസ്ഥാന മാതൃക പഠിക്കാനാണെന്നും ഞങ്ങളുടെ പദ്ധതി കേന്ദ്രം ഏറ്റെടുക്കുകയാണ്. മറ്റുള്ളവരുമായി പോരാടാന്‍ ബിജെപി ഇഡി, ഐടി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ബാഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ പുതിയ സെക്രട്ടേറിയറ്റിനെ ബാഗേല്‍ പരിഹസിക്കുകയും ചെയ്‌തു. കാറ്റടിച്ചാല്‍ ഇളകി വീഴുന്ന തരത്തിലാണ് 1000 കോടി മുടക്കി ബിജെപി സെക്രട്ടേറിയറ്റ് പണിതതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളിയാഴ്‌ച റായ്‌പൂരില്‍ നടന്ന യോഗത്തില്‍ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കോണ്‍ഗ്രസിനെ 'സഹോദരന്‍റെയും സഹോദരിയുടെയും 'പാര്‍ട്ടി എന്ന് വിളിച്ച് പരിഹസിക്കുകയും ബിജെപി രാജവംശ സംസ്‌ക്കാരത്തിന് എതിരാണെന്ന് പറയുകയും ചെയ്‌തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
അതേ സമയം ഞങ്ങള്‍ പൊരുതുന്നത് കുടുംബ രാഷ്‌ട്രീയത്തിന് എതിരെയാണെന്നും കോണ്‍ഗ്രസ് ആദ്യം സ്വന്തം പാര്‍ട്ടിയെ യോജിപ്പിക്കേണ്ടതുണ്ടെന്നും നദ്ദ യോഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരമ്പരാഗത രാഷ്‌ട്രീയത്തില്‍ തിരുത്തല്‍ കൊണ്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പോലെയുള്ളവര്‍ വികസനത്തിന് എതിരാണെന്നും ഖജനാവ് നിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.
നമ്മുടെ ആദിവാസി സഹോദരങ്ങള്‍ ഇവിടെ കൊല്ലപ്പെട്ട സമയത്ത് ബാഗേല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 9) രാവിലെയാണ് നദ്ദ റായ്‌പൂരിലെത്തിയത്. വിമാനത്താവളത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് പാർട്ടി നേതാക്കള്‍ക്കും പ്രവർത്തകര്‍ക്ക് ഒപ്പം അദ്ദേഹം റോഡ് ഷോയും നടത്തി. രാജ്യത്തുടനീളം കോണ്‍ഗ്രസ് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നദ്ദയുടെ സന്ദര്‍ശനം. കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ (സെപ്‌റ്റംബര്‍ 9) തമിഴ്‌നാട്ടിലെ നാഗർകോവിലെത്തിയിരുന്നു. കന്യാകുമാരി മുതൽ കശ്‌മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയായി 3,500 കിലോമീറ്റർ സഞ്ചരിക്കും.
കോണ്‍ഗ്രസ് നയിക്കുന്ന ജോഡോ യാത്ര ഇന്ന് (സെപ്‌റ്റംബര്‍ 10) കേരളത്തില്‍ പ്രവേശിക്കും തുടര്‍ന്ന് നാളെ(സെപ്‌റ്റംബര്‍ 11) ന് പര്യടനം തുടങ്ങും. അതിന് ശേഷം പദയാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കും. രാജ്യം നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും വിലക്കയറ്റത്തിനും തൊഴില്ലായ്‌മക്കും സമൂഹത്തില്‍ അധികരിച്ച് വരുന്ന പ്രശ്‌നങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും എതിരെ ചര്‍ച്ചകള്‍ നടത്തി ജനങ്ങളില്‍ രാഷ്‌ട്രീയ അവബോധം വളര്‍ത്തുന്നതിനാണ് പാര്‍ട്ടി ജോഡോ യാത്രക്ക് തുടക്കമിട്ടത്.
മാത്രമല്ല 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയെന്ന ലക്ഷ്യം കൂടി കോണ്‍ഗ്രസിനുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുക.