സിദ്ധി (മധ്യപ്രദേശ്):പൊലീസ് സ്റ്റേഷനിൽ രണ്ട് മാധ്യമ പ്രവർത്തകരുൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്‌ത് അടിവസ്ത്രത്തിൽ നിർത്തി. ഏപ്രിൽ രണ്ടിന് സിദ്ധി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എട്ട് പേർ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മുൻപിൽ അർധ നഗ്നരായി നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഒരു വാർത്ത ചാനലിന്‍റെ സ്ട്രിംഗറായി ജോലി ചെയ്യുന്ന യൂട്യൂബ് ജേണലിസ്റ്റായ കനിഷ്‌ക് തിവാരിയേയും കാമറമാനെയുമാണ് പൊലീസുകാർ അറസ്റ്റ് ചെയ്‌ത് അടിവസ്ത്രത്തിൽ നിർത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നാടക കലാകാരന്മാരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യവെയായിരുന്നു സംഭവം. ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലക്കെതിരെ സമൂഹ മാധ്യമത്തിൽ മോശം പരാമർശം നടത്തിയതിന് നാടക കലാകാരൻ നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്‌തതിനെതിരെയായിരുന്നു പ്രതിഷേധം.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ കനിഷ്‌ക് തിവാരിയെയും കാമറ മാനെയും ആറ് പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്‌ത് അർധ നഗ്നരാക്കി നിർത്തി. അറസ്റ്റിലായവരെ ലോക്കപ്പിൽ അടക്കുകയും മർദിക്കുകയും ചെയ്‌തു. അറസ്റ്റിലായവരെ അക്രമികൾ എന്ന് വിളിച്ച പൊലീസ് ഉദ്യോഗസ്ഥർ ഐപിസി 151-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് കരുതൽ തടങ്കലിലാക്കി. ഏപ്രിൽ മൂന്നിനാണ് എട്ട് പേർക്കും ജാമ്യം നൽകിയത്.
എംഎൽഎക്കെതിരെ വാർത്ത നൽകിയാൽ തന്നെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്‌ത് നഗ്നരാക്കി നഗരത്തിലൂടെ നടത്തിക്കുമെന്ന് പൊലീസ് സ്റ്റേഷൻ ചുമതലയുള്ള അഭിഷേക് സിങ് പരിഹാർ ഭീഷണിപ്പെടുത്തിയെന്ന് കനിഷ്‌ക് തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു. ഏപ്രിൽ രണ്ട് രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം വൈകുന്നേരം ആറ് മണി വരെ മർദിച്ചുവെന്നും അദ്ദേഹം പറയുന്നു.
പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചവർ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നുവെന്നും അതിനാലാണ് രാത്രി വൈകി ഇവരെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അർധ നഗ്നരാക്കി ചിത്രങ്ങൾ എടുത്തതെന്ന് അന്വേഷിക്കുകയാണ്. അന്വേഷണം നടത്താൻ ഡിഎസ്‌പിക്ക് കൈമാറിയിട്ടുണ്ട്. കോട്‌വാലി ഇൻസ്‌പെക്‌ടറും സ്‌റ്റേഷൻ ഇൻചാർജുമായ മനോജ് സോണി, ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ അഭിഷേക് പരിഹാർ എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നും മുകേഷ് കുമാർ പറഞ്ഞു.