റായ്‌പൂര്‍: മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള ബില്ല് പാസാക്കി ഛത്തീസ്‌ഗഡ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍, കള്ളക്കേസുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പുതുതായി നിയമസഭ പാസാക്കിയ ബില്ല് സംരക്ഷണം നല്‍കും.
ചരിത്ര പ്രധാന ദിവസമാണിത്:മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരുന്നു ഇന്ന്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. സ്വന്തം ജീവന്‍ അപകടപ്പെടുത്തുന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടിങ്ങ് ചെയ്യേണ്ട അവസ്ഥകള്‍ വരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടതായി വരുന്നുണ്ടെന്നും അതുകൊണ്ട് പുതിയ നിയമം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമപരമായ സുരക്ഷ നല്‍കുമെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
2023ലെ പുതിയ മാധ്യമ സംരക്ഷണ നിയമം സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മാത്രമല്ല ന്യൂസ് പോര്‍ട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ബില്ല് ഉപയോഗപ്രദമാകും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് പരാതികള്‍ നല്‍കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും ഈ സമിതിയില്‍ അംഗങ്ങളാക്കും.
also read:ഭാര്യയെ കൊന്ന് മൃതദേഹം മൂന്ന് കഷ്‌ണമാക്കി കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍