ന്യൂഡൽഹി :ഗ്യാൻവാപി മസ്‌ജിദ് തർക്കം പ്രത്യേക രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അതിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ജെഎൻയു സർവകലാശാലയിലെ സെന്‍റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് മുൻ ചെയർപേഴ്‌സണും പ്രമുഖ ചരിത്ര വിഭാഗം പ്രൊഫസറുമായ മൃദുല മുഖർജി. തുടരേയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെന്നും അവർ ഇടിവി ഭാരതിനോട് പറഞ്ഞു.
പിന്നിൽ രാഷ്‌ട്രീയ അജണ്ട :ഗ്യാൻവാപി മസ്‌ജിദ് വിവാദം, മഥുര വിവാദം തുടങ്ങിയവയെല്ലാം ഈ കാലയളവിലും സംഭവിക്കുന്നുവെന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇന്ന് മസ്‌ജിദുകൾ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്‌ടങ്ങൾ കാണപ്പെടുന്നതായി അവകാശപ്പെടുന്നു. എല്ലായിടത്തും പ്രാദേശിക ജനങ്ങൾ ഇത്തരം വിവാദവിഷയങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നുവെന്നും മൃദുല മുഖർജി പറഞ്ഞു.
ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ഒരു രാഷ്‌ട്രീയ അജണ്ടയുണ്ട്. ഇതിന് ചരിത്രവുമായി ഒരു ബന്ധവുമില്ല, മറിച്ച് രാഷ്‌ട്രീയവുമായാണ് ബന്ധം. ഈ അവകാശവാദങ്ങളൊന്നും പുതുതായി രൂപപ്പെട്ടതല്ലെന്നും ഇതേ രാഷ്‌ട്രീയ അജണ്ടയോടെ ഇപ്പോൾ സമൂഹത്തിൽ ചർച്ചയാവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവും അതിനുപിന്നാലെയുള്ള വിവാദങ്ങളും നിലനിൽക്കെയാണ് മഥുര ക്ഷേത്രവും ഷാഹി ഈദ്‌ഗാഹ് കേസും വീണ്ടും വിവാദമായത്. ഗ്യാൻവാപിയിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ശിവലിംഗം കണ്ടെത്തിയത് അതിന് തെളിവാണെന്നും ഹിന്ദു വിഭാഗക്കാർ വാദിച്ചപ്പോൾ, മുസ്ലിം വിഭാഗക്കാർ അത്തരം അവകാശവാദങ്ങള്‍ നിഷേധിച്ചു.
വിവിധ ചരിത്രകാരന്മാരുടെ വ്യത്യസ്‌തമായ വീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തിയതോടെ വിഷയം വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. ഗ്യാൻവാപി മസ്‌ജിദ് കേസുമായി ബന്ധപ്പെട്ട ഹർജികൾ വരണാസി ജില്ല കോടതി വ്യാഴാഴ്‌ച (26.05.22) പരിഗണിക്കാനിരിക്കുകയാണ്.
'ക്ഷേത്രം പൊളിച്ചതിന് തെളിവുണ്ട്' : അതേസമയം ബാബറിന്‍റെ കാലഘട്ടം മുതൽ ഷാജഹാന്‍റെ കാലഘട്ടം വരെ അവിടെ മസ്‌ജിദുകൾ ഉണ്ടായിരുന്നില്ലെന്നും, എന്നാൽ കൊൽക്കത്തയിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം അക്കാലത്തെ ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ടതിന് തെളിവുണ്ടെന്നും പ്രൊഫസർ കപിൽ കുമാർ അവകാശപ്പെട്ടു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ ഭരണകാലത്തെ കുറിച്ച് പറയുന്ന മാസിർ-ഇ-അലംഗീറിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.