ന്യൂഡല്‍ഹി: കാമ്പസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎൻയു). പുതിയ ചട്ടം അനുസരിച്ച് സര്‍വകലാശാല കാമ്പസിനകത്ത് ധര്‍ണ നടത്തിയാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കുകയോ പ്രവേശനം റദ്ദാക്കുകയോ ചെയ്യും. കാമ്പസില്‍ അക്രമം അഴിച്ച് വിട്ടാല്‍ 30,000 രൂപ പിഴ ഈടാക്കും.
കാമ്പസിലെ മറ്റു വിദ്യാര്‍ഥികളെയോ സ്റ്റാഫിനെയോ ശാരീരികമായി ഉപദ്രവിച്ചാല്‍ ആ വിദ്യാര്‍ഥിയില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുമെന്നും ഭേദഗതിയില്‍ പറയുന്നു. അതേസമയം സര്‍വകലാശാലയിലെ പുതിയ നിയമാവലിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധം അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാനായി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളുടെയും യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ജെഎന്‍യു വിദ്യാര്‍ഥികളുടെ പെരുമാറ്റവും അച്ചടക്കവും സംബന്ധിച്ച് 10 പേജുകളുള്ള ചട്ടത്തില്‍ പ്രതിഷേധം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയവയ്ക്കുള്ള ശിക്ഷകളും കുറ്റം ചെയ്‌താല്‍ അന്വേഷിക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ചട്ടത്തില്‍ പറയുന്ന പ്രകാരമുള്ള കുറ്റം ചെയ്‌താല്‍ 5,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കുകയോ സര്‍വകലാശാലയിലെ പ്രവേശനം റദ്ദാക്കുകയോ ചെയ്യുമെന്നാണ് സര്‍വകലാശാല പറയുന്നത്.
ചട്ടം അംഗീകരിച്ച് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍: ഫെബ്രുവരി മൂന്ന് മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നതായാണ് സര്‍വകലാശാല നല്‍കുന്ന വിവരം. ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ജെഎന്‍യുവിലെ പുതിയ നിയമാവലി. സര്‍വകലാശാലയുമായി ബന്ധപ്പെട്ട തീരുമാനങ്ങല്‍ എടുക്കാന്‍ അധികാരമുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിയമാവലിയ്‌ക്ക് അംഗീകാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ വിഷയം അധിക അജണ്ടയായി കൊണ്ടുവന്നതാണെന്നും കോടതി കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ആയിരുന്നു എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ പ്രതികരണം. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്‍റെ ജെഎൻയു സെക്രട്ടറി വികാസ് പട്ടേൽ പുതിയ നിയമങ്ങളെ സ്വേച്ഛാധിപത്യപരമെന്ന് വിശേഷിപ്പിച്ചു. അതേസമയം പഴയ പെരുമാറ്റച്ചട്ടം വേണ്ടത്ര ഫലപ്രദമായിരുന്നു എന്നും പുതിയത് ഉടന്‍ പിന്‍വലിക്കണമെന്നും വികാസ് പട്ടേല്‍ പ്രതികരിച്ചു. എന്നാല്‍ പുതിയ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ഡി പണ്ഡിറ്റ് പ്രതികരിക്കാന്‍ തയ്യാറായില്ല.
കുറ്റങ്ങളും അവയ്‌ക്കുള്ള ശിക്ഷയും:പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പും ശേഷവും സര്‍വകലാശാലയില്‍ പ്രവേശനം നേടിയ പാര്‍ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും നിയമം ബാധകമാണെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. തടഞ്ഞ് വയ്‌ക്കുക, ചൂതാട്ടത്തില്‍ ഏര്‍പ്പെടുക, ഹോസ്റ്റല്‍ മുറികളില്‍ അനധികൃതമായി പ്രവേശിക്കുക, അധിക്ഷേപകരവും അപകീര്‍ത്തിപരവുമായ ഭാഷ ഉപയോഗിക്കുക, വ്യാജ രേഖ ചമയ്‌ക്കുക തുടങ്ങി 17 കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളും നടപടികളുമാണ് ചട്ടത്തില്‍ വിവരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന കേസുകള്‍ സര്‍വകലാശാല പരാതി പരിഹാര സമിതിക്ക് കൈമാറും.
ലൈംഗികാതിക്രമം, പൂവാല ശല്യം, റാഗിങ്, വർഗീയ സംഘർഷം എന്നീ കേസുകൾ ചീഫ് പ്രോക്‌ടറുടെ ഓഫിസിന്‍റെ പരിധിയിൽ വരും. ചട്ടങ്ങളിലെ ഭേദഗതിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു എന്നും പ്രോക്‌ടോറിയൽ അന്വേഷണത്തിന് ശേഷമാണ് പുതിയ നിയമങ്ങൾ രൂപീകരിച്ചത് എന്നും ചീഫ് പ്രോക്‌ടർ രജനിഷ് മിശ്ര പ്രതികരിച്ചു. നിരാഹാരസമരങ്ങൾ, ധർണകൾ, അക്കാദമിക പ്രവര്‍ത്തനങ്ങളോ അഡ്‌മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങളോ തടസപ്പെടുത്തല്‍ അല്ലെങ്കില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയോ സ്റ്റാഫിന്‍റെയോ പ്രവൃത്തികള്‍ തടസപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പ്രതിഷേധങ്ങള്‍ നടത്തിയാല്‍ 20,000 രൂപ വരെ പിഴ ചുമത്തും. പഴയ ചട്ടം അനുസരിച്ച് പ്രകടനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയ്‌ക്ക് പ്രവേശനം റദ്ദാക്കൽ, റസ്‌റ്റിക്കേഷൻ, പുറത്താക്കൽ എന്നിവയായിരുന്നു ശിക്ഷകൾ.
നടപടി അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍:പരാതി ലഭിച്ചാല്‍ ചീഫ് പ്രോക്‌ടര്‍ അന്വേഷണം നടത്തും. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനായി മൂന്ന് അംഗ പ്രോക്ടോറിയൽ അന്വേഷണ സമിതിയെ നിയോഗിക്കും. പ്രോക്ടോറിയൽ അന്വേഷണം ജെഎൻയുവിന്‍റെ ആഭ്യന്തര അന്വേഷണമാണ്, അതിനാൽ ഹിയറിങ് സമയത്ത് ബോർഡ് അംഗങ്ങളൊഴികെ മറ്റാരെയും അനുവദിക്കില്ല.