ജംതാര…. ജാര്‍ഖണ്ഡിലെ കുപ്രസിദ്ധിയാർജിച്ച ഈ ജില്ലയെക്കുറിച്ച് അറിയാത്തവരായി ആരുമില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓരോ സൈബര്‍ കുറ്റകൃത്യങ്ങളും പരിശോധിച്ചാല്‍ ഭൂരിഭാഗത്തിന്‍റെയും വേരുകള്‍ ജംതാരയിലാണ് ചെന്നെത്തുക. അതുകൊണ്ട് തന്നെയാണ് ജംതാരയെക്കുറിച്ച് ഒരു വെബ് സീരീസ് ചിത്രീകരിച്ചതും. ജംതാരയിലെ സൈബര്‍ കുറ്റവാളികള്‍ രാഷ്ട്രീയക്കാർക്കും ബോളിവുഡ് നടന്മാർക്കും നിരവധി വ്യവസായികൾക്കുമൊക്കെ ഭീഷണിയായി മാറിയിട്ടുണ്ട് . ഇന്നിപ്പോള്‍ ജാര്‍ഖണ്ഡിലെ മറ്റൊരു ജില്ലയായ ദേവ്ഗറും മറ്റൊരു ജംതാരയായി മാറിക്കൊണ്ടിരിക്കുകയാണ്.
ദൈവങ്ങളുടെ നാട് എന്നാണ് ദേവ്ഗര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. ജാര്‍ഖണ്ഡിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ ദേവ്ഗര്‍ ഭഗവാന്‍ ശിവന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ശിവന്‍റെ ഈ നഗരം ബാബാധാം എന്ന പേരില്‍ സ്വന്തമായ ഒരു സ്വത്വം തന്നെ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ ഈ വിശുദ്ധ നഗരം സൈബര്‍ കുറ്റവാളികളുടെ താവളവുമായി മാറിയിരിക്കുന്നു. ഈ വര്‍ഷം മാത്രം 87 സൈബര്‍ കുറ്റങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. ഇവിടെ നിന്നുള്ള 372 സൈബര്‍ കുറ്റവാളികള്‍ ഇന്ന് ജയിലിലാണ്. അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ പിടികൂടിയ കുറ്റവാളികളിൽ പലരും മികച്ച വിദ്യാഭ്യാസം നേടിയവരല്ല എന്നതാണ്. എന്നിട്ടും അവര്‍ വിദ്യാസമ്പന്നരെയും നല്ല അവബോധമുള്ള ജനങ്ങളെയുമൊക്കെ എളുപ്പം ചതിക്കുഴിയില്‍ വീഴ്ത്തുന്നു.
കുറ്റാരോപിതരായവരില്‍ മിക്കവരും യുവാക്കളാണ്. വഞ്ചനാകുറ്റത്തിന്‍റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ഇവർ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ വീണ്ടും സൈബര്‍ കുറ്റകൃത്യ ശൃംഖലയില്‍ തന്നെ എത്തിച്ചേരുന്നു. ആഡംബര ഇഷ്ട വിനോദങ്ങളും വളരെ എളുപ്പം പണമുണ്ടാക്കുവാനുള്ള ദുരാഗ്രഹവുമാണ് യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കുന്നത് എന്നാണ് ജില്ലാ പൊലീസ് ക്യാപ്റ്റന്‍ പറയുന്നത്.