ദുംക (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ദിയോഘര്‍ പര്‍വതമേഖലയില്‍ ഞായറാഴ്‌ച വൈകിട്ടാണ് സംഭവം.
സംഭവസ്ഥലത്ത് 21 മണിക്കൂറിലധികമായി 12 ട്രോളികളിലായി 48 പേര്‍ കുടുങ്ങികിടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കുടുങ്ങികിടക്കുന്നവരെ താഴെയിറക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇതിനായി എയര്‍ഫോഴ്‌സിന്‍റെ രണ്ട് എംഐ-17 (Mi-17) ഹെലികോപ്‌ടറുകളും എത്തിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയൊടെ 11 പേരെ രക്ഷിച്ചിരുന്നു. 10 പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷപ്പെടുത്തിയവരില്‍ ഒരാളാണ് അര്‍ധരാത്രിയോടെ മരണപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. ജില്ല ഭരണകൂടത്തിന്‍റെയും, പൊലീസിന്‍റെയും, എന്‍ഡിആര്‍എഫിന്‍റേയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
ജാര്‍ഖണ്ഡ് ടൂറിസം വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റോപ്പ്‌വേയാണ് ദിയോഘറിലേത്. രാമനവമി അവധിദിനമായതിനാല്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് നിരവധി സഞ്ചാരികളാണെത്തിയത്. റോപ്പ്‌വേയിലൂടെ കേബിള്‍ കാര്‍ മുകളിലേക്ക് നീങ്ങവെ മറ്റൊരു കേബിള്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ് രക്ഷപ്പെട്ട ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also read: രാമനവമി ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശില്‍ സംഘര്‍ഷം