മുംബൈ :ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിവന്ന അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി. കേസ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ജസ്‌റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്‌റ്റിസ് പി.കെ ചവാന്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഇഡി അന്വേഷണം റദ്ദാക്കിയത്. അതേസമയം 2020 ഫെബ്രുവരി 20 ന് ഇഡി സമർപ്പിച്ച എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് നരേഷ് ഗോയലും പത്‌നി അനിത ഗോയലും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
'നഷ്‌ടം വരുത്തി' എന്ന പരാതിയില്‍ തുടങ്ങിയ കേസ് :അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ രാജേന്ദ്രൻ നെരുപറമ്പിലാണ് ജെറ്റ് എയർവെയ്‌സിനെതിരെ പരാതി നൽകുന്നത്. 2018 ഒക്‌ടോബറിൽ ജെറ്റ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് 46 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി അക്ബർ ട്രാവൽസ് പരാതിയിൽ അറിയിച്ചിരുന്നു.