തലസ്ഥാന നഗരിയില്‍ എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ (Rajinikanth) കാണാനുള്ള തിരക്കിലാണ് സിനിമ താരങ്ങളും ആരാധകരും. ഇന്ന് രാവിലെ നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് രജനിയെ കണ്ട വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സൂപ്പര്‍ താരത്തെ നേരില്‍ കണ്ട നിമിഷം പങ്കുവച്ച് നടന്‍ ജയസൂര്യയും രംഗത്തെത്തി (Jayasuriya Meets Rajinikanth).
ഫേസ്‌ബുക്കിലൂടെയാണ് ജയസൂര്യ ഈ സന്തോഷം പങ്കുവച്ചത്. രജനികാന്തിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും താരത്തിന്‍റെതായി വന്നു. 'ഓര്‍മവച്ച നാള്‍ മുതല്‍ ഞാന്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് ഞാൻ ഒരു ഐക്കണിനെ, ഒരു സൂപ്പർ താരത്തെ, എല്ലാറ്റിനും ഉപരിയായി, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു മനുഷ്യനെ കണ്ടുമുട്ടി. ഈ സ്വപ്‌നം യാഥാർഥ്യമാക്കിയതിന് എന്‍റെ പ്രിയ സഹോദരൻ ഋഷഭ് ഷെട്ടിക്ക് നന്ദി. സർവ്വശക്തന് നന്ദി.' -ഇപ്രകാരമാണ് ജയസൂര്യ ഫേസ്‌ബുക്കില്‍ കുറിച്ചത് (Jayasurya Facebook Post).
'എത്ര നല്ല ദിവസത്തോടു കൂടിയാണ് തുടങ്ങിയത്. പോസ്‌റ്റ് ചെയ്യുന്നതിന്‍റെ ആവേശം നിര്‍ത്താന്‍ കഴിയില്ല. തലൈവര്‍ പറഞ്ഞു; എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങള്‍ എങ്ങനെ ഇത് ചിത്രീകരിച്ചു? അത്ഭുതകരമായ പ്രവൃത്തി തന്നെ.' പിന്നെ ഞങ്ങൾ ഓസ്‌കര്‍ യാത്രയ്ക്കായി അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി. അപ്പോള്‍ തലൈവര്‍ പറഞ്ഞു, 'പോയി ഓസ്‌കര്‍ കൊണ്ട് വാ, എന്‍റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും നിങ്ങളോടൊപ്പം ഉണ്ട്.' ഈ അവിസ്‌മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്‍റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്‌ക്കും നന്ദി.' -ഇപ്രകാരമാണ് ജൂഡ് ആന്തണി ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. 'തലൈവര്‍ 170' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തുമായാണ് സിനിമയുടെ കേരളത്തിലെ ചിത്രീകരണം. ചിത്രീകരണത്തിനായി 10 ദിവസം രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ടാകും.