ചെന്നൈ:തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് അറുമുഖസാമി കമ്മിഷൻ അന്വേഷണ റിപ്പോർട്ട്. കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജയലളിതയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജയലളിതയുടെ മരണം അന്വേഷിക്കാൻ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ച അറുമുഖസാമി കമ്മിഷൻ ഇന്ന്(ഒക്‌ടോബര്‍ 18) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
ജയലളിതയുടെ മരണത്തിൽ ദുരൂഹത; കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു: അറുമുഖസാമി കമ്മിഷൻ റിപ്പോർട്ട്
ജയലളിതയ്‌ക്ക് ശരിയായ ചികിത്സ നൽകിയില്ല. ജയലളിത ബോധരഹിതയായത് മുതൽ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിച്ചു. ജയലളിതയുടെ മരണത്തിൽ ദുരൂഹത തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട വ്യക്തികൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജയലളിതയ്‌ക്ക് നൽകിയ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും അന്വേഷണ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. ജയലളിതയ്‌ക്ക് കൃത്യമായ ചികിത്സ ലഭിച്ചോ? ജയലളിതയ്ക്ക് ആൻജിയോഗ്രാഫി വേണമെന്ന് ഡോ. സുമിൻ ശർമ നിർദേശിച്ചിട്ടും എന്തുകൊണ്ട് ആൻജിയോഗ്രാഫി നൽകിയില്ല? വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സിക്കാമെന്ന് ഡോ. റിച്ചാർഡ് പീലെ പറഞ്ഞിട്ടും എന്തുകൊണ്ട് അത് ചെയ്‌തില്ല? തുടങ്ങിയ ചോദ്യങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.
2016 സെപ്റ്റംബറിൽ ജയലളിത ബോധരഹിതയായത് മുതൽ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിച്ചുവെന്നും അറുമുഖസാമി കമ്മിഷൻ റിപ്പോര്‍ട്ടില്‍ പരാമർശിച്ചു.