ബെംഗളൂരു:തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും പിടിച്ചെടുത്ത വിലകൂടിയ വസ്‌തുക്കള്‍ ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. 11,344 സാരികൾ, 750 ജോഡി ചെരിപ്പുകൾ, 250 ഷാളുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയാണ് ലേലം ചെയ്യണമെന്ന് ഹര്‍ജിയില്‍ പറയുന്നത്.
'ജയലളിതയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുവകകള്‍ ലേലം ചെയ്യണം': സുപ്രീം കോടതിയില്‍ ഹര്‍ജി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 1996 ല്‍ സി.ബി.ഐ പിടിച്ചെടുത്ത സാരികൾ, ചെരിപ്പുകൾ, ഫർണിച്ചറുകൾ തുടങ്ങിയവ ലേലം ചെയ്യണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്
വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹമൂർത്തിയാണ് കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 1996ലാണ് സി.ബി.ഐ വിലകൂടിയ വസ്‌തുക്കള്‍ പിടിച്ചെടുത്തത്. 2003 മുതല്‍ ഇവ ബെംഗളൂരുവിലെ വിധാന്‍ സൗധയിലെ ട്രഷറിയിലാണുള്ളത്. ദശലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്‌തുക്കളാണ് ഇവ. കണ്ടുകെട്ടിയ സ്വത്തുവകകള്‍ ലേലത്തിന് വച്ചാൽ ജയലളിതയുടെ ആരാധകരും അനുയായികളും വാങ്ങും. അതുവഴി സർക്കാരിന് വരുമാനം ലഭിക്കുമെന്നും നരസിംഹമൂർത്തി പറയുന്നു.
ശിക്ഷാവിധിയ്‌ക്ക് മുൻപ് മരണം:1997ലാണ് കേസ് സംബന്ധിച്ച കുറ്റപത്രം സി.ബി.ഐ സമർപ്പിച്ചത്. 44 എ.സി, 131 സ്യൂട്ട്കേസ്, 33 ടെലിഫോൺ, 27 ക്ലോക്കുകള്‍, 86 ഫാനുകള്‍, 146 അലങ്കാര കസേരകൾ, 34 ടീപോയി, 31 മേശകള്‍, 34 കട്ടിലുകൾ, 820 ഹാംങിങ് ടേബിൾ, 12 ഫ്രിഡ്‌ജ്, 10 ടെലിവിഷൻ സെറ്റ്, നാല് വീഡിയോ ക്യാമറ, 24 ടേപ്പ് റെക്കോർഡർ, 1040 വീഡിയോ കാസറ്റുകൾ തുടങ്ങിയവയാണ് സി.ബി.ഐ പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഒന്നാം പ്രതിയാണ് ജയലളിത. എന്നാൽ, ശിക്ഷാവിധിയ്‌ക്ക് മുൻപ് 2016ല്‍ ജയലളിത അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരണമടയുകയായിരുന്നു.