ബോളിവുഡ് ബാദ്‌ഷാ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഏറ്റവും പുതിയ റിലീസ് 'ജവാന്‍' ബോക്‌സോഫിസ് കുതിപ്പ് തുടരുകയാണ്. പ്രദര്‍ശനത്തിന്‍റെ 18-ാം ദിനത്തിലും മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. അറ്റ്‌ലി കുമാര്‍ (Atlee Kumar) സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം (Jawan), മൂന്നാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും, പുതിയ റിലീസുകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടും സിനിമാപ്രേമികളുടെ ആദ്യ ചോയിസ് ഇപ്പോഴും 'ജവാന്‍' തന്നെയാണ്.
ഇപ്പോഴിതാ 'ജവാന്‍' അതിന്‍റെ 18-ാം ദിന കലക്ഷന്‍ സാധ്യതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് (Jawan box office collection day 18). 18-ാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷനില്‍ 29 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് ആദ്യകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. 'ജവാൻ' അതിന്‍റെ മൂന്നാം ഞായറാഴ്‌ചയില്‍ 15.69 കോടി രൂപ നേടി, ഇന്ത്യന്‍ ബോക്‌സോഫിസില്‍ 562.13 കോടി രൂപ കലക്‌ട് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കിങ് ഖാന്‍ ചിത്രം, പ്രദര്‍ശനത്തിന്‍റെ 17-ാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ആകെ നേടിയത് 13 കോടി രൂപയാണ്. ഇതോടെ ഷാരൂഖ് ഖാന്‍റെ തന്നെ ചിത്രമായ 'പഠാന്‍റെ' റെക്കോഡും 'ജവാന്‍' മറികടന്നു. ഇന്ത്യയില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമെന്ന 'പഠാന്‍റെ' റെക്കോഡാണ് 'ജവാന്‍' 17-ാം ദിനത്തില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'പഠാന്‍റെ' റെക്കോഡ് തകര്‍ത്ത 'ജവാന്‍' ആഗോള തലത്തിലും 'പഠാനെ' കടത്തിവെട്ടുമെന്നാണ് പ്രതീക്ഷ.
Also Read:SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍
മറ്റ് ബോളിവുഡ് സിനിമകളുടെ എക്കാലത്തെയും റെക്കോഡുകള്‍ ഭേദിച്ച് കൊണ്ടാണ് 'ജവാന്‍' സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയത്. ബോളിവുഡ് സിനിമ ചരിത്രത്തില്‍, ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ (75 കോടി രൂപ), ഏറ്റവും വലിയ ഒറ്റ ദിന കലക്ഷന്‍ (80 കോടി രൂപ), ആദ്യ ആഴ്‌ചയിലെ ഏറ്റവും വലിയ കലക്ഷൻ (389 കോടി രൂപ) എന്നീ റെക്കോഡുകള്‍ ജവാന്‍ സ്വന്തമാക്കി. കൂടാതെ ബോളിവുഡ് സിനിമ ചരിത്രത്തില്‍ ഏറ്റവും വേഗത്തിൽ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി എന്നീ ക്ലബ്ബുകളില്‍ ഇടംപിടിച്ച ചിത്രമെന്ന റെക്കോഡും ജവാന്‍ സ്വന്തമാക്കി.
പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ജവാനില്‍ മുന്‍നിര തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താര, വിജയ് സേതുപതി എന്നിവരും ഷാരൂഖ് ഖാനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസാണ് 'ജവാന്‍'. 'പഠാന്‍' ആയിരുന്നു ഈ വര്‍ഷത്തെ ഷാരൂഖ് ഖാന്‍റെ ആദ്യ റിലീസ്. ജനുവരി 25നായിരുന്നു 'പഠാന്‍റെ' റിലീസ്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു 'പഠാന്‍'.
കൊവിഡ് മഹാമാരിയ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തിയ 'പഠാന്‍' ബോളിവുഡ് ബോക്‌സോഫിസിന് ആശ്വാസമായിരുന്നു. 'പഠാനി'ലൂടെയും 'ജവാനി'ലൂടെയും തുടര്‍ച്ചയായി ബ്ലോക്ക്ബസ്‌റ്ററുകള്‍ നല്‍കിയ ശേഷം, ഈ വർഷത്തെ മൂന്നാമത്തെ റിലീസുമായി ഷാരൂഖ് ഖാന്‍ ഈ ക്രിസ്‌മസിന് വീണ്ടുമെത്തും. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി'യാണ് ഷാരൂഖ് ഖാന്‍റേതായി ക്രിസ്‌മസ് റിലീസിനെത്തുന്ന ചിത്രം.
Also Read:Atlee On His Plans For Jawan Sequel 'ഒരു തുറന്ന അന്ത്യമുണ്ട്'; കിങ് ഖാന്‍റെ ജവാന് രണ്ടാം ഭാഗമോ? തുറന്നുപറഞ്ഞ് അറ്റ്‌ലി