ജമ്മു : ജമ്മു കശ്‌മീരില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 15.62 ശതമാനം വർധിച്ചതായി കണക്കുകള്‍. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാത്രമല്ല 7,000 ത്തോളം പേർ അറസ്‌റ്റിലായതായും എന്‍സിആര്‍ബി വ്യക്തമാക്കുന്നു.
അതേസമയം, മുന്‍ വര്‍ഷം അവസാനം വരെ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലുള്ള കേസുകളുടെ എണ്ണം 6,275 ആണ്. എന്നാല്‍ ഇതില്‍ ശിക്ഷ ലഭിച്ചത് 95 പേർക്ക് മാത്രവുമാണ്. ശിക്ഷാനിരക്ക് കുറവായത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്നുള്ള പരാതിയും ഉയരുന്നുണ്ട്. മാത്രമല്ല, 2020 മുതലുള്ള, അന്വേഷണം തീരാത്ത 2,329 കേസുകളും, തുടരന്വേഷണത്തിലുള്ള ഒമ്പത് കേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും എന്‍സിആര്‍ബി പറയുന്നു.
സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 2019 മുതൽ 2021 വരെ ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. 2019 ല്‍ ജമ്മു കശ്മീരിൽ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 3,069 കേസുകളായിരുന്നെങ്കില്‍ 2020 ല്‍ ഇത് 3,405 ആണ്. 2021 ല്‍ ഇതെല്ലാം മറികടന്ന് 3,937 ലെത്തി.
2011ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിൽ 64 ലക്ഷം സ്‌ത്രീകളാണുള്ളത്. 2021ലെത്തുമ്പോള്‍ ജനസംഖ്യയില്‍ ലക്ഷത്തിന് 61.6 ശതമാനമാണ് കുറ്റകൃത്യങ്ങളുടെ നിരക്ക്. 2021 ല്‍ 315 ബലാത്സംഗ കേസുകളും, 1,414 ബലാത്സംഗ ശ്രമങ്ങളും, 14 സ്‌ത്രീധന മരണങ്ങളും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. എല്ലാത്തിലുമുപരി 91.4 ശതമാനം ബലാത്സംഗ കേസുകളിലും ഇരകള്‍ക്ക് അറിയാമായിരുന്നവരാണ് പ്രതികള്‍. ഇതുകൂടാതെ സ്‌ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന 1,851 കേസുകളും ഇതിനൊപ്പം തന്നെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇതില്‍ 14 എണ്ണം സ്‌ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ അഭയകേന്ദ്രങ്ങളില്‍ വച്ച് നടന്നതായും, അഞ്ച് ബലാത്സംഗക്കേസുകള്‍ കസ്‌റ്റഡിയില്‍ വച്ച് നടന്നതായുമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഭർത്താവോ ബന്ധുക്കളോ ചെയ്ത ക്രൂരതകളെ സംബന്ധിച്ച 501കേസുകള്‍, ഒരു ആസിഡ് ആക്രമണം, രണ്ട് ആസിഡ് ആക്രമണശ്രമങ്ങൾ എന്നിവയും ഈ വര്‍ഷമുണ്ടായി.
സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 1,013 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം, സൈബർ കുറ്റകൃത്യങ്ങൾ, ബ്ലാക്ക് മെയിലിംഗ്, മോർഫിംഗ്, വ്യാജ പ്രൊഫൈലുകൾ പ്രസിദ്ധപ്പെടുത്തല്‍ അല്ലെങ്കില്‍ കൈമാറല്‍ തുടങ്ങിയവ സംബന്ധിച്ച് സ്‌ത്രീകള്‍ ഉള്‍പ്പെട്ട ഒമ്പത് കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
ഇതോടൊപ്പം ഗർഭച്ഛിദ്രം, ശിശുഹത്യ, ഭ്രൂണഹത്യ എന്നിവയുമായി ബന്ധപ്പെട്ട 20 കേസുകളും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. മാത്രമല്ല, കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട 7,109 പേരില്‍ അറസ്‌റ്റിലായത് 6,994 പേരാണെങ്കില്‍ ഇതില്‍ 648 പേര്‍ സ്‌ത്രീകളാണ്.