ശ്രീനഗർ : ജമ്മു വ്യോമത്താവള ആക്രമണത്തെ തുടർന്ന് ഡ്രോണുകളുടെ വിൽപ്പന, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ബാരാമുള്ള ജില്ല ഭരണകൂടം.
സുരക്ഷ സാഹചര്യങ്ങൾ പരിഗണിച്ചാണ് നിലവിൽ ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് ബാരാമുള്ള ജില്ല മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 27ന് ജമ്മു എയർഫോഴ്‌സ് സ്റ്റേഷന്‍റെ സാങ്കേതിക മേഖലയിൽ തീവ്രത കുറഞ്ഞ ഇരട്ട സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് നടപടി. സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമികൾ സ്ഫോടനം നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
Also Read:ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് 'നോ ഫ്ലൈ സോൺ'
ഉത്തരവ് അനുസരിച്ച്, ഡ്രോണുകൾ കൈവശമുള്ളവർ ശരിയായ രസീത് അടക്കം സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഉടൻ തന്നെ ഹാജരാക്കണം.
കൂടാതെ, മാപ്പിംഗ്, സർവേകൾ, കാർഷിക മേഖലയിലെ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണ പ്രവർത്തികൾ എന്നിവയ്ക്കായി സർക്കാർ വകുപ്പുകളും ഏജൻസികളും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രവർത്തനങ്ങൾക്ക് മുമ്പ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.
ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. നേരത്തെ സമാന രീതിയിൽ രജൗറി ജില്ല ഭരണകൂടം ഉത്തരവിട്ടിരുന്നു.