ന്യൂഡൽഹി:ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ്. സംഭവം ഇസ്‌ലാമിനും രാജ്യത്തെ നിയമത്തിനും എതിരാണ്. പിന്നില്‍ ആരായാലും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും സംഘടന ജനറൽ സെക്രട്ടറി മൗലാന ഹക്കീമുദീൻ ഖാസ്‌മി പ്രസ്‌താവനയില്‍ പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്. അത് കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. രാജ്യത്തെ പൗരന്മാര്‍ വൈകാരികമായി പ്രതികരിക്കരുതെന്നും സമാധാനം ഉറപ്പുവരുത്തണമെന്നും ഖാസ്‌മി അഭ്യര്‍ഥിച്ചു. അതേസമയം, സംസ്ഥാനത്ത് ഒരു മാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ചൊവ്വാഴ്‌ച അര്‍ധ രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്.ഐ.ടി രൂപീകരിച്ച് സര്‍ക്കാര്‍:പ്രവാചകനിന്ദ നടത്തിയ നുപുര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട കനയ്യ ലാലിനെ രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാധാനന്തരീക്ഷം ഉറപ്പുവരുത്താന്‍ രണ്ട് എ.ഡി.ജി.പിമാര്‍ ഉദയ്‌പൂരിലെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു.