ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് വാട്‌സ്‌ആപ്പ് വഴി പ്രചരിച്ച സന്ദേശങ്ങളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
'ഐപിസി സെക്ഷൻ 153 എ പ്രകാരം രണ്ട് പേരെ ഇന്നലെ (ശനിയാഴ്‌ച) രാത്രി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിന് എപ്പോഴും ആൾക്കൂട്ടമുണ്ടാകാറുണ്ട്, അതിനാൽ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാൽ നമസ്‌കാരത്തിന് ശേഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി ആളുകളെത്തിയത് ഇതിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്,' സെന്‍ട്രല്‍ ജില്ല ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ പ്രദേശവാസികളായ 4-5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേരും പ്രദേശവാസികളല്ലെന്നും ശ്വേത ചൗഹാന്‍ വ്യക്തമാക്കി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് നുപുർ ശർമയേയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം നടത്തിയത്.