ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇക്കാര്യം നേരിട്ട് അറിയിക്കാന്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ക്ക് അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം കമ്മീഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു(Electronic voting machine concerns).
കഴിഞ്ഞ മാസം മുപ്പതിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് ജയറാം രമേഷ് കത്ത് എഴുതിയത്. വിവിപാറ്റിന്‍റെ ഉപയോഗത്തെക്കുറിച്ച് സഖ്യത്തിലെ കക്ഷികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (VVPAT)
ഡിസംബര്‍ 19ലെ ഇന്ത്യാ മുന്നണിയോഗം പ്രസ്തുത വിഷയത്തില്‍ ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന്‍റെ പകര്‍പ്പ് കൂടിക്കാഴ്ചയില്‍ കമ്മീഷന് കൈമാറാനും ഉദ്ദേശിക്കുന്നു. അതേസമയം തങ്ങള്‍ക്ക് ഇതുവരെ കമ്മീഷന്‍ സമയം അനുവദിച്ചിട്ടില്ല. മുന്നണിയിലെ നാലഞ്ച് നേതാക്കളാകും കമ്മീഷനെ കാണുക. കുറച്ച് മിനിറ്റുകള്‍ മാത്രം നീളുന്ന കൂടിക്കാഴ്ചയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച ആശങ്കകള്‍ സംബന്ധിച്ച് ഒരു മെമ്മോറാണ്ടം തങ്ങള്‍ ഓഗസ്റ്റ് 9ന് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷവും കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചതാണ്. എന്നാല്‍ ഇനിയും അനുവദിച്ചിട്ടില്ല. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനായി ചില കോടതി ഉത്തരവുകളും വെബ്സൈറ്റിലെ വിശദീകരണങ്ങളും മറ്റും ചൂണ്ടിക്കാട്ടുകയാണ് കമ്മീഷന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗത്തില്‍ വന്ന 2004ലെ തെരഞ്ഞെടുപ്പിന് ശേഷം വിവിധ പാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വന്നിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു (Jayaram Ramesh concern of INDIA).