ന്യൂഡൽഹി: വിനായക് ദാമോദർ സവർക്കർ ജയിലിൽ നിന്ന് പുറത്തിറങ്ങാന്‍ മാപ്പ് എഴുതിക്കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അവകാശവാദത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍. മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിത്.
മോദി സർക്കാരിലെ ശാന്തവും മാന്യവുമായ ശബ്ദങ്ങളിൽ ഒന്നാണ് രാജ്നാഥ് സിങ്. പക്ഷേ, ചരിത്രം തിരുത്തിയെഴുതുന്ന ആർ.എസ്.എസ് ശീലത്തിൽ നിന്ന് അദ്ദേഹം മോചിതനല്ലെന്ന് തോന്നുന്നു. 1920 ജനുവരി 25 -ലെ ഗാന്ധിയുടെ കത്ത് സന്ദർഭത്തില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹം കാറ്റിൽ പറത്തിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇതില്‍ അതിശയിക്കാനില്ല, ബി.ജെ.പി/ആർ.എസ്.എസ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റില്‍ കുറിച്ചു.
'സവർക്കർ തികഞ്ഞ ദേശീയവാദി'
വി.ഡി സവർക്കറെ രാഷ്ട്രപിതാവായി ബി.ജെ.പി ഉടൻ പ്രഖ്യാപിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ പരിഹസിച്ചു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മാർക്സിന്റെയും ലെനിന്റെയും ആശയം കൊണ്ടുനടക്കുന്നവർ ഫാഷിസ്റ്റായും നാസിയായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെങ്കിലും സവർക്കർ തികഞ്ഞ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നെന്നും രാജ്നാഥ്സിങ് അവകാശപ്പെട്ടിരുന്നു.
പത്രപ്രവർത്തകന് ഉദയ് മഹുർക്കർ എഴുതിയ 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ' എന്ന പുസ്തകത്തിന്റെ ചൊവ്വാഴ്ച നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. രാജ്യത്തെ മോചിപ്പിക്കാനെന്ന പോലെ സവർക്കറെ മോചിപ്പിക്കാനും ശ്രമം തുടരുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായി രാജ്നാഥ്സിങ് പറഞ്ഞു.
ALSO READ:'മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല'; വിവാദ പരാമർശവുമായി രഞ്ജിത്ത് സവർക്കർ