ന്യൂഡൽഹി : സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് രാജസ്ഥാനിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് (Jairam Ramesh). മണിപ്പൂരിനെ കുറിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും മോദി ഒരക്ഷരം മിണ്ടിയില്ലെന്ന് ജയ്റാം രമേഷ് തിരിച്ചടിച്ചു(Jairam Ramesh Hits Back PM Modi).
രാജ്യത്ത് എവിടെയും പെൺമക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുമ്പോൾ തനിക്ക് വേദനയുണ്ടെന്നും എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഇത് പാരമ്പര്യമാക്കിയെന്നും തിങ്കളാഴ്‌ച ചിറ്റോർഗഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയ്റാം രമേഷിന്‍റെ പ്രതികരണം.
'മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല, ഉജ്ജയിനും പരാമർശിച്ചില്ല, വനിത ഗുസ്‌തി താരങ്ങൾക്കെതിരായ അതിക്രമത്തിന് സ്വന്തം പാർട്ടി എംപിക്കെതിരെ നടപടിയെടുത്തതുമില്ല, ദേശീയ ചാമ്പ്യൻമാരോട് ഡൽഹി പൊലീസിന്‍റെ ക്രൂരമായ പെരുമാറ്റത്തെ അദ്ദേഹം അപലപിക്കില്ല, എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാര്യം വരുമ്പോൾ ലജ്ജയില്ലാതെ എന്ത് കളളവും പറയാൻ അദ്ദേഹത്തിനാകും' - ജയ്‌റാം രമേഷ് എക്‌സിൽ കുറിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കോൺഗ്രസ് ഒരിക്കലും അനുകൂലിക്കുന്നില്ല. രാജസ്ഥാൻ സർക്കാർ എല്ലാ കേസുകളിലും അടിയന്തര ഗൗരവത്തോടെ നീതി നടപ്പാക്കും. എന്നാൽ ബിജെപി സർക്കാരുകൾ നേരെ മറിച്ച് ഉത്തരവാദിത്തമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അതാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.