ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജന ഭീകര അനുസ്‌മരണ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിലൂടെ വിഭജനത്തിന്‍റെ ആഘാതങ്ങളെ നിലവിലെ രാഷ്‌ട്രീയ പോരാട്ടങ്ങൾക്കായി ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിഭജനത്തിന്‍റെ ദുരന്തങ്ങളെ വിദ്വേഷവും മുൻവിധിയും വളർത്താനായി ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നും വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം പരാജയപ്പെടുമെന്നും ജയറാം രമേശ് പറഞ്ഞു.
'ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്‌മരണ ദിനമായി ആചരിക്കുന്നതിലുള്ള പ്രധാനമന്ത്രിയുടെ യഥാർഥ ഉദ്ദേശം ഏറ്റവും ആഘാതകരമായ ചരിത്ര സംഭവങ്ങളെ തന്‍റെ നിലവിലെ രാഷ്‌ട്രീയ പോരാട്ടങ്ങൾക്ക് തീറ്റയായി ഉപയോഗിക്കുക എന്നതാണ്. വിഭജനത്തിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ചു, അവരുടെ ജീവൻ നഷ്‌ടപ്പെട്ടു. അവരുടെ ത്യാഗങ്ങൾ മറക്കാനോ അനാദരിക്കാനോ പാടില്ല', ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.