ന്യൂഡല്‍ഹി:ജഹാംഗീർപുരിയിൽ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ അക്രമത്തിൽ അഞ്ച് പേർ കൂടി പിടിയില്‍. ഞായറാഴ്ച നടന്ന അറസ്റ്റോടുകൂടി പ്രതികളുടെ എണ്ണം 14 ആയി. ഡല്‍ഹി വടക്ക്, പടിഞ്ഞാറന്‍ മേഖല പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഉഷ രംഗ്‌നാനിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ജഹാംഗീർപുരി അക്രമം: അഞ്ച് പേർ കൂടി പിടിയില്‍, ആകെ കസ്റ്റഡിയിലായ പ്രതികള്‍ 14 - ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത
വെടിയുതിർത്ത ആളില്‍ നിന്നും പിസ്റ്റൾ പിടിച്ചെടുത്തതായി പൊലീസ്
വെടിയുതിർത്ത ആളുള്‍പ്പെടെയാണ് പിടിയിലായത്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച പിസ്റ്റൾ ഇയാളില്‍ നിന്നും കണ്ടെടുത്തു. അക്രമത്തെ തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ന്യൂഡല്‍ഹിയിലെ ജഹാംഗീർപുരി പ്രദേശത്തെ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ശനിയാഴ്ച വൈകുന്നേരമാണ് കല്ലേറും വെടിവയ്‌പ്പുണ്ടായത്.
രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണ്. അന്തരീക്ഷം സമാധാനപരമാണെന്നും സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ ദിപേന്ദര്‍ പഥക് പറഞ്ഞു.