ബാലംഗീർ : ഒഡിഷയിൽ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട മദ്യ കമ്പനികളിൽ റെയ്‌ഡ് ശക്തമാക്കി ആദായനികുതി വകുപ്പ് (IT Raids Against Odisha Distillery Group Linked To Congress MP Intensify). ഇന്ന് നടന്ന റെയ്‌ഡിൽ 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന 50 കോടിയോളം രൂപ പിടിച്ചെടുത്തു. ഇതുവരെ 275 കോടിയോളം രൂപയാണ് ജാർഖണ്ഡിലെ കോൺഗ്രസ് എംപി ധീരജ് സാഹുവിന്‍റെ ഉടമസ്ഥതയിലുള്ള മദ്യ കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്.
ഇന്ന് (ഡിസംബര്‍ 9) നടന്ന റെയ്‌ഡിൽ ബാലംഗീർ ജില്ലയിലെ സുദാപാരയിലുള്ള മദ്യ നിർമാതാവിന്‍റെ വീട്ടിൽ നിന്ന് 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടികൂടിയത്. പണം അടങ്ങിയ 176 ബാഗുകളാണ് ഇതുവരെ ഇൻകം ടാക്‌സ് വകുപ്പ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താനായി നൽകിയത്.
റെയ്‌ഡിനുപിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 'രാജ്യത്തെ ജനങ്ങള്‍ ഈ കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾ നോക്കണം, എന്നിട്ട് അവരുടെ (കോൺഗ്രസ്) നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കണം. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇതാണ് മോദിയുടെ ഉറപ്പ്' - മോദി എക്‌സിൽ കുറിച്ചു.
പടിഞ്ഞാറൻ ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബൗദ്ധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രധാനമായി റെയ്‌ഡ് നടന്നത്. ബാൾഡിയോ സാഹു ഇൻഫ്രാ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബൗദ്ധ് ഡിസ്റ്റിലറി. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നു. ബലംഗീറിനു പുറമെ ബോലാംഗിർ, സംബൽപൂർ, റൂർക്കല, സുന്ദർഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.