ഹൈദരാബാദ്:ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഐഎസ്‌ആര്‍ഒ പുറത്തിറക്കിയ ലാൻഡ്‌സ്‌ലൈഡ് അറ്റ്‌ലസില്‍ ആദ്യ പത്തില്‍ കേരളത്തിലെ നാല് ജില്ലകള്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തൃശൂരും, അഞ്ചാം സ്ഥാനത്ത് പാലക്കാടും, ഏഴാം സ്ഥാനത്ത് മലപ്പുറവും പത്താം സ്ഥാനത്ത് കോഴിക്കോടുമാണുള്ളത്. അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യയുള്ള 147 ജില്ലകളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ്.
'കേരളം മുഴുവനും' പട്ടികയില്‍: ഹിമാലയവും പശ്ചിമഘട്ടവും ഉള്‍പ്പെടുന്ന 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രദേശങ്ങളാണ് അറ്റ്‌ലസിലുള്ളത്. ഇതില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നുള്ള നാല് ജില്ലകളാണ് എന്നത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതുകൂടാതെ ആദ്യ ഇരുപത് ജില്ലകളുടെ പട്ടികയിലേക്ക് കടന്നാല്‍ 13-ാം സ്ഥാനത്ത് വയനാട്, 15-ാം സ്ഥാനത്ത് എറണാകുളം, 18-ാം സ്ഥാനത്ത് ഇടുക്കി എന്നിവയും ഉള്‍പ്പെടുന്നു. കോട്ടയം (24), കണ്ണൂര്‍ (26), തിരുവനന്തപുരം (28), പത്തനംതിട്ട (33), കാസര്‍കോട് (44), കൊല്ലം (48), ആലപ്പുഴ (138) എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ഉരുൾപൊട്ടൽ സാധ്യത നിലനില്‍ക്കുന്ന ജില്ലകള്‍. അതേസമയം പട്ടികയില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും ഉള്‍പ്പെടുന്നു എന്നതും ഭീതിപ്പെടുത്തുന്നതാണ്.
ഐഎസ്‌ആര്‍ഒ പുറത്തുവിട്ട ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ പട്ടിക 'പെട്ടിമുടി' എന്ന കണ്ണീരോര്‍മ: 2020 ഓഗസ്‌റ്റ് ആറിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടലായ ഇടുക്കി പെട്ടിമുടി ദുരന്തമുണ്ടായത്. കുരിശുമലയ്ക്ക് മുകളിൽ നിന്ന് ഉരുള്‍ പൊട്ടിയൊലിച്ചപ്പോള്‍ നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവനാണ് അന്ന് നഷ്‌ടപെട്ടത്. കേവലം 12 പേര്‍ മാത്രമാണ് പെട്ടിമുടി ദുരന്തം അതിജീവിച്ചത്. ഉരുള്‍പൊട്ടിയതോടെ വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാതോടെ ദുരന്തം പുറംലോകമറിഞ്ഞത് 10 മണിക്കൂറിന് ശേഷവും.
ഐഎസ്‌ആര്‍ഒ പുറത്തുവിട്ട ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ പട്ടിക കൊവിഡ് രൂക്ഷമായി പിടിമുറുക്കിയ സമയത്ത് കൂടി അഞ്ഞൂറിലധികം പേർ ചേര്‍ന്ന് സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു അന്ന് നടന്നത്. 19 ദിവസം നീണ്ടുനിന്ന ദുരന്തഭൂമിയിലെ തിരച്ചിൽ ഓരോ ദിവസവും കണ്ടതാവട്ടെ ഹൃദയഭേദകമായ കാഴ്‌ചകളും.
വരിനിന്ന് അപകടം: നിലവില്‍ ഐഎസ്‌ആര്‍ഒ പുറത്തിറക്കിയ ഉരുള്‍പൊട്ടല്‍ സാധ്യത പട്ടികയില്‍ അടിവരയിടുന്ന ആദ്യ നാല് ജില്ലകളില്‍ അടുത്തിടെ ഏറെ പ്രകൃതി ദുരന്തങ്ങള്‍ നടന്നിരുന്നു. അതില്‍ ഏറ്റവുമധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതും ഇക്കഴിഞ്ഞ ഓഗസ്‌റ്റിലായിരുന്നു. ഓഗസ്‌റ്റ് രണ്ടിന് പാലക്കാട് ജില്ലയിലെ മംഗലം ഡാം, വണ്ടാഴി തളികക്കല്ല് കോളനി, നെല്ലിയാമ്പതിയിലെ കാരപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഓഗസ്‌റ്റ് നാലിന് കോട്ടയത്തെ കൂട്ടിക്കലിലും ഉരുള്‍പൊട്ടി. എന്നാല്‍ ജനവാസം കുറഞ്ഞ മേഖലയായയതിനാല്‍ ആളപായമുണ്ടായില്ല.
ഓഗസ്‌റ്റ് ഒമ്പതിന് ഇടുക്കിയിലെ മൂന്നാറിലുള്ള വട്ടവടയിലും വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയിലും ഉരുള്‍പൊട്ടലുണ്ടായി. വട്ടവടയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെടുകയുമുണ്ടായി. മാത്രമല്ല ഓഗസ്‌റ്റ് 28 ന് കണ്ണൂരിലെ നെടുംപൊയില്‍ ഏലപ്പീടികയ്‌ക്ക് സമീപം വനത്തിലും ഉരുൾപൊട്ടലുണ്ടായി. 21-ാം മൈൽ, വെള്ളറ എന്നീ പ്രദേശങ്ങളിലായിരുന്നു അപകടമുണ്ടായത്.
സര്‍വേ ഇങ്ങനെ:ഐഎസ്‌ആര്‍ഒയുടെ ഏറ്റവും പുതിയ സർവേ പ്രകാരം, മലയോര മേഖലകളിലാണ് മണ്ണിടിച്ചിലിന്റെ വ്യാപ്‌തി വിശകലനം നടത്തിയിട്ടുള്ളത്. കൂടാതെ 1988 നും 2022 നും ഇടയിൽ രേഖപ്പെടുത്തിയ 80,933 മണ്ണിടിച്ചിലുകളെ അടിസ്ഥാനമാക്കിയാണ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 147 ജില്ലകളുടെയും റാങ്കിങ് പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍ തന്നെ ആകെ ജനസംഖ്യ, ജോലി ചെയ്യുന്ന ജനസംഖ്യ, സാക്ഷരത, വീടുകളുടെ എണ്ണം എന്നിവയിൽ പരിഗണിച്ചതോടെ ഉരുൾപൊട്ടൽ സാന്ദ്രത കൂടുതലുള്ള ജില്ലയായും ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് മാറി. അതേസമയം രുദ്രപ്രയാഗും തെഹ്‌രിയും ഉത്തരാഖണ്ഡില്‍ മാത്രമൊതുങ്ങുന്ന ഭീഷണിയല്ല, മറിച്ച് രുദ്രപ്രയാഗ് ജില്ലയില്‍ ലക്ഷങ്ങളെത്തുന്ന കേദാർനാഥിലേക്കും ബദരീനാഥ് ധാമിലേക്കുമുള്ള കവാടമാണെന്നിരിക്കെ ഇതുണ്ടാക്കുന്ന അപകട വ്യാപ്‌തിയും ചെറുതല്ല.