ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഇസ്രൊയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയകരമായതിന് പിന്നാലെ നന്ദി അറിയിച്ച് ചെയർമാൻ എസ് സോമനാഥ്. രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരിക്കും പിഎസ്‌എല്‍വി സി 52 എന്ന് അദ്ദേഹം പറഞ്ഞു.
'പിഎസ്‌എല്‍വി സി 52/ഇഒഎസ് 04 ന്‍റെ (വിക്ഷേപണ) ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. പ്രധാന ഉപഗ്രഹമായ ഇഒഎസ് 04നെ പിഎസ്‌എല്‍വി സി 52 കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചു. അതോടൊപ്പം സഹയാത്രിക ഉപഗ്രഹങ്ങളായ ഇന്‍സ്‌പയര്‍ സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നിവയേയും ശരിയായ ഭ്രമണപഥത്തിൽ എത്തിച്ചു,' എസ് സോമനാഥ് പറഞ്ഞു.
അത്ഭുതകരമായ നേട്ടം
എസ് സോമനാഥ് ഇസ്രൊ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യം കൂടിയാണിത്. അത്ഭുതകരമായ നേട്ടമാണെന്ന് മിഷൻ ഡയറക്‌ടര്‍ എസ്.ആർ ബിജു പ്രതികരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് പിഎസ്‌എല്‍വി സി 52 വിക്ഷേപിച്ചത്. ഏകദേശം 19 മിനിറ്റിന് ശേഷം, ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളേയും പിഎസ്‌എല്‍വി സി 52 വിജയകരമായി നിര്‍ദിഷ്‌ട ഭ്രമണപഥത്തിലെത്തിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 രാവിലെ 6.17 ന് 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചുവെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്‌തു. ഇഒഎസ് 04നെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം ഇന്‍സ്‌പയര്‍സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നി ചെറു ഉപഗ്രഹങ്ങളെയും ബഹിരാകാശത്തെത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തിനായുള്ള 25.30 മണിക്കൂർ കൗണ്ട് ഡൗൺ ഞായറാഴ്‌ച പുലർച്ചെ 4:29ന് ആരംഭിച്ചിരുന്നു.