ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ മൂന്ന് (Chandrayaan 3) കുതിച്ചുയരാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഇന്ന് (ജൂലൈ 14) ഉച്ചയ്‌ക്ക് 2.35നാണ് ചന്ദ്രയാന്‍ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക.
ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവെർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗ്രഹങ്ങളെ കുറിച്ചുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ചന്ദ്രയാൻ 3 ന്‍റെ വിജയം.
ചന്ദ്രോപരിതലത്തിന്‍റെ ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ റോവെറിന്‍റെ വിന്യാസത്തിലൂടെ ശേഖരിക്കാനായാൽ ഇന്ത്യ ചാന്ദ്ര പര്യവേഷണത്തിൽ പുതിയ ഉയരങ്ങളാണ് കൈവരിക്കുക. 10 ഘട്ടങ്ങളായാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യം പൂർത്തിയാക്കുക.
ആദ്യ ഘട്ടം ഭൂമി കേന്ദ്രീകൃതം(Earth centric phase), രണ്ടാം ഘട്ടം ലൂണാര്‍ ട്രാന്‍സ്‌ഫര്‍(lunar transfer phase), മൂന്ന് മുതല്‍ 10 വരെയുളള ഘട്ടങ്ങള്‍ ചാന്ദ്രകേന്ദ്രീകൃത പഠനം എന്നിങ്ങനെയാണ് തയ്യാറാക്കിയിട്ടുളളത്. ഭൂമി കേന്ദ്രീകൃത ഘട്ടത്തില്‍ പ്രീ ലോഞ്ച് ഫേസ്, ലോഞ്ച് ആന്‍ഡ് ആസെന്‍ഡ് ഫേസ്, എര്‍ത്ത് ബൗണ്‍ഡ് മനോവര്‍ ഫേസ് എന്നിവയാണ് ഉള്‍പ്പെടുന്നത്. കൈമാറ്റ ഘട്ടമെന്ന രണ്ടാമത്തേത് ട്രാന്‍സ്‌ഫര്‍ ട്രജക്‌ടറി ഫേസാണ്.