ലക്‌നൗ: തകര്‍ക്കപ്പെട്ട ബാബറി മസ്‌ജിദിന് പകരമായി സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം അയോധ്യയിലെ ധന്നിപ്പുരില്‍ പണിയുന്ന പള്ളിയുടെ ഫണ്ട് രൂപീകരണത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റിനാണ് നിർമാണ ചുമതല. പ്രസിഡന്‍റ് സുഫർ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഓഗസ്റ്റ് 12ന് ഫറൂഖാബാദ് സന്ദർശിച്ച് അയോധ്യയിൽ പള്ളി നിർമിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി സംഭാവന നല്‍കാന്‍ അഭ്യർഥിച്ചുവെന്ന് ഐഐസിഎഫ് അറിയിച്ചു.
പള്ളിയുടെ നിർമാണത്തിന് ഒരു കോടി രൂപ സമാഹരിക്കാമെന്ന് അവിടെ ഉണ്ടായിരുന്നവർ വാഗ്‌ദാനം ചെയ്‌തുവെന്ന് ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ അവിടെ വച്ച് തന്നെ സമാഹരിക്കുകയും ചെയ്‌തു. നേരത്തെ പള്ളിയുടെ നിർമാണത്തിനായി ഫൗണ്ടേഷൻ 25 ലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്നും ഹുസൈൻ കൂട്ടിച്ചേര്‍ത്തു.
നിര്‍മാണം ഉടന്‍ ആരംഭിക്കും:ഒരു മാസത്തിനകം പള്ളിയുടേയും മറ്റ് കെട്ടിടങ്ങളുടെയും മാപ്പ് അയോധ്യ വികസന അതോറിറ്റിയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാപ്പ് ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യം ആശുപത്രി നിർമിക്കുമെന്നും തുടര്‍ന്ന് ഒപി തുടങ്ങുമെന്നും ഹുസൈൻ പറഞ്ഞു. കഴിയുമെങ്കിൽ പള്ളി നിര്‍മിക്കുന്നയിടത്ത് നമാസ് നടത്താനുള്ള നടപടികളും ആരംഭിക്കും.