മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ 15-ാം സീസണിന് നാളെ (26.03.22) കൊടിയേറ്റം. 10 ടീമുകൾ മാറ്റുരയ്‌ക്കുന്ന ഈ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഉത്ഘാടന മത്സരം ആരംഭിക്കുക.
കൊവിഡ് മഹാമാരി പിടിമുറുക്കിയതിനാൽ വർഷങ്ങൾക്ക് ശേഷം ഐപിഎൽ മത്സരങ്ങൾ രാജ്യത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. കൂടാടെ ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് എന്നീ രണ്ട് ടീമുകൾ കൂടി എത്തുന്നതോടെ ഇത്തവണത്തെ ഐപിഎൽ കൂടുതൽ സ്‌പെഷ്യൽ ആകും എന്നുറപ്പാണ്.
മുംബൈ, പൂനെ എന്നിവിടുങ്ങളിൽ മാത്രമേ മത്സരം ഉള്ളുവെങ്കിലും 25% കാണികളെ പ്രവേശിപ്പിക്കും എന്ന വാർത്തയും ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്നവയാണ്. തുടന്ന് മത്സരം പുരോഗമിക്കുന്ന വേളയിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
മത്സരം ഗ്രൂപ്പുകളായി തിരിച്ച്:കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ അഞ്ച് ടീമുകൾ വീതം ഉൾപ്പെട്ട എ, ബി ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചത്. പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങൾ വീതമാണ് ഓരോ ടീമുകൾക്കും ലഭിക്കുക.
ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ പരസ്‌പരം രണ്ട് മത്സരങ്ങൾ വീതം കളിക്കും. കൂടാതെ എതിർ ടീമിൽ ഒരേ റാങ്കിലുള്ള ടീമിനോട് രണ്ട് വീതം മത്സരങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരങ്ങളും കളിക്കും.
- ഗ്രൂപ്പ് എ: മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.
- ഗ്രൂപ്പ് ബി:നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ഗുജറാത്തി ടൈറ്റൻസ് എന്നിവരാണ് ബി ഗ്രൂപ്പിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.
65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് നടക്കുക. 20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും, 15 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെ എംസിഎ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലും നടക്കും.
തലയുടെ മാറ്റം:ഐപിഎൽ മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായക സ്ഥാനത്ത് നിന്ന് ധോണി പിൻമാറി രവീന്ദ്ര ജഡേജയെ കൊണ്ടുവരുന്നത്. ഐപിഎല്ലിന്‍റെ ആരംഭഘട്ടം മുതൽ ചെന്നൈയുടെ നായകനായിരുന്ന ധോണിയുടെ പിൻമാറ്റം ടീമിനെ എത്രത്തോളം ബാധിക്കും എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക.
എന്നാൽ നായക സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ടീമിൽ സജീവമായുണ്ടെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ധോണിയുടെ സാന്നിധ്യം തനിക്ക് ഏറെ ഗുണം ചെയ്യുമെന്നും ചെന്നൈയുടെ പുതിയ നായകൻ രവീന്ദ്ര ജഡേജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം 40കാരനായ ധോണിയുടെ അവസാന ഐപിഎൽ ആകും ഇത്തവണത്തേത് എന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ നായകരുടെ കീഴിൽ: മെഗാ താരലേലത്തിന് പിന്നാലെ പല സൂപ്പർ താരങ്ങളും പുതിയ ടീമുകളിലേക്ക് കൂടുമാറ്റിയിരുന്നു. പുതിയ നായകൻമാരുടെ കീഴിലാണ് ഇത്തവണ മിക്കടീമുകളും തങ്ങളുടെ മത്സരത്തിനായിറങ്ങുന്നത്. പുതിയ നായകന്‍റെ കീഴിൽ കളത്തിലിറങ്ങുന്ന ടീമുകൾ ഇവയാണ്.
- ചെന്നൈ സൂപ്പർ കിങ്സ് -രവീന്ദ്ര ജഡേജ
- റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു- ഫാഫ് ഡു പ്ലെസിസ്
- ഗുജറാത്ത് ടൈറ്റൻസ്- ഹാർദിക് പാണ്ഡ്യ
- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ശ്രേയസ് അയ്യർ
- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്- കെ.എൽ രാഹുൽ
- പഞ്ചാബ് കിങ്സ്- മായങ്ക് അഗർവാൾ
മുംബൈക്ക് ഹോം ഗ്രൗണ്ട്?:ഇത്തവണത്തെ ഐപിഎല്ലിൽ കൂടൂതൽ മത്സരങ്ങളും മുംബൈ, നവീ മുംബൈ എന്നിവിടുത്തെ സ്റ്റേഡിയങ്ങളിലായാണ് നടത്തുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിന് ഹോം ഗ്രൗണ്ടിന്‍റെ മുൻതൂക്കം ലഭിക്കില്ലെന്നും അതിനനുസരിച്ചാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുള്ളനെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
കൂടാതെ മുംബൈയിൽ കളിക്കുന്നു എന്നത് തങ്ങളുടെ പ്രകടനത്തിൽ പ്രത്യേക നേട്ടങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നും തങ്ങൾ എവിടെയായാലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും മുംബൈ നായകൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു.