കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലത്തിന് നാളെ കൊച്ചിയിൽ തുടക്കം. ലേല നടപടിക്കുള്ള അവസാന ഘട്ട ഒരുക്കങ്ങളെല്ലാം ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 പേർ ഇന്ത്യൻ താരങ്ങളും 132 പേർ വിദേശ താരങ്ങളുമാണ്. ഇതിൽ ആകെ 87 കളിക്കാരെ മാത്രമാണ് 10 ടീമുകൾക്ക് വേണ്ടതായുള്ളത്.
ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുമായി 21 താരങ്ങളാണ് കളത്തിലുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള പത്ത് താരങ്ങളും, ഒരു കോടി അടിസ്ഥാന വിലയുള്ള 24 താരങ്ങളും നാളെ ലേലത്തിന്‍റെ ഭാഗമാകുന്നുണ്ട്. ബെൻ സ്റ്റോക്‌സ്, സാം കറന്‍ ഓസ്ട്രേലിയൻ ഓൾറൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരാകും ഇത്തവണത്തെ ലേലത്തിലെ താരങ്ങൾ എന്നാണ് വിലയിരുത്തൽ.
കൂടാതെ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇൻഡീസിന്‍റെ നിക്കോളാസ് പുരാൻ എന്നിവർക്കും ആവശ്യക്കാരേറെയുണ്ടാകും. ഇന്ത്യൻ താരങ്ങളിൽ ഒരു കോടിരൂപ അടിസ്ഥാന വിലയുള്ള മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ എന്നിവരാകും തിളങ്ങാൻ സാധ്യത. കൂടാതെ ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങുന്ന അണ്‍കാപ്പ്‌ഡ് താരങ്ങളിൽ ചിലരും പണം വാരാൻ സാധ്യതയുണ്ട്. മലയാളി താരം റോഹൻ കുന്നുമ്മലും ലേലത്തിൽ മുന്നേറ്റം നടത്തും എന്നാണ് പ്രതീക്ഷ.
മിനി ലേലമാണെങ്കിൽ പോലും കോടികൾ വരാൻ പോന്ന സൂപ്പർ താരങ്ങൾ ഇവരാണ്.
- ബെൻ സ്റ്റോക്‌സ്:ഇത്തവണത്തെ ലേലത്തിൽ ഏറെക്കുറെ ഒട്ടുമിക്ക ടീമുകളുടെയും നോട്ടപ്പുള്ളിയാകാൻ പോകുന്ന താരമാണ് ബെൻ സ്റ്റോക്‌സ്. 2021ലെ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് താരം അവസാനമായി ഐപിഎല്ലിൽ കളിച്ചത്. പരിക്കുമൂലം ഒരു മത്സരത്തിൽ മാത്രമാണ് സ്റ്റോക്‌സിന് കളിക്കാനായത്. തുടർന്ന് കഴിഞ്ഞ സീസണിലെ ലേലത്തിൽ നിന്നും സ്റ്റോക്‌സ് പിൻമാറിയിരുന്നു.
കൈവിട്ടു എന്ന് കരുതുന്ന മത്സരത്തെ ഒറ്റയ്‌ക്ക് കൈപ്പിടിയിലെത്തിക്കാനുള്ള കഴിവാണ് സ്റ്റോക്‌സിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്റ്റോക്‌സ് നിലവിൽ മികച്ച ഫോമിലാണ്. ബോളുകൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരത്തിന് ലേലത്തിൽ കോടികൾ വാരാനാകും എന്ന് തന്നെയാണ് വിലയിരുത്തൽ.
- കാമറൂണ്‍ ഗ്രീൻ:ഇത്തവണത്തെ ഐപിഎല്ലിൽ കോടിക്കിലുക്കവുമായി തിളങ്ങാൻ സാധ്യതയുള്ള താരമാണ് ഓസ്‌ട്രേലിയുടെ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ. ഓസീസിനായി നിലവിൽ മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 23 കാരനായ താരത്തിനെ സ്വന്തമാക്കാൻ ടീമുകൾ മികച്ച മത്സരം കാഴ്‌ചവയ്‌ക്കുമെന്ന കാര്യം തീർച്ചയാണ്. ഇന്ത്യയിൽ നടന്ന ഓസീസുമായുള്ള ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെയാണ് കാമറൂണ്‍ ഗ്രീൻ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
മീഡിയം പേസ് ഓൾറൗണ്ടറായതിനാൽ തന്നെ ഗ്രീനിനെ നോട്ടമിട്ട് വമ്പൻ ടീമുകളെല്ലാം രംഗത്തുണ്ട്. ടി20 ഫോർമാറ്റിൽ വലിയ ഭാവി കൽപ്പിക്കുന്ന ഗ്രീനിനാകും ഇത്തവണത്തെ ലേലത്തിൽ ഏറ്റവുമധികം പ്രതിഫലം ലഭിക്കുക എന്നാണ് വിലയിരുത്തലുകൾ.
- സാം കറൻ:ഇംഗ്ലണ്ടിന്‍റെ യുവ പേസ് ഓൾറൗണ്ടർ സാം കറനും ഇത്തവണത്തെ ലേലത്തിൽ തിളങ്ങിയേക്കും. ഐപിഎല്ലിന്‍റെ അവസാന സീസണിൽ നിന്ന് വിട്ടുനിന്ന സാംകറൻ ഇത്തവണത്തെ ലേലത്തിൽ ഗംഭീര തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടമണിയിക്കുന്നതിൽ ബെൻ സ്റ്റോക്‌സിനെ പോലെ തന്നെ കറനും നിർണായക പങ്ക് വഹിച്ചിരുന്നു.
ന്യൂബോളിൽ വിക്കറ്റ് വീഴ്‌ത്താനും ഏത് പൊസിഷനിലും തകർത്തടിക്കാനും കഴിവുള്ള കറൻ മികച്ചൊരു ഫിനിഷർ കൂടിയാണ്. കൂടാതെ ഇടം കൈയ്യൻ ബാറ്റർ എന്ന പരിഗണനയും താരത്തിന് ലഭിക്കും. അതുകൊണ്ട് തന്നെ സാം കറനും ഇത്തവണ കോടികൾ വാരും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
- ഹാരി ബ്രൂക്ക്:ഇത്തവണത്തെ ലേലത്തിലെ മറ്റൊരു താരോദയമായി മാറാൻ സാധ്യതയുള്ള താരമാണ് ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്. ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനായി സ്റ്റോക്‌സിനൊപ്പം ബാറ്റുകൊണ്ട് നിർണായക നീക്കം നടത്തിയതോടെയാണ് ബ്രൂക്കും ശ്രദ്ധിക്കപ്പെടുന്നത്. മധ്യനിരയിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്.
ഈ വർഷമാധ്യം പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്‌സിനായി 48 പന്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. നിർണായക ഘട്ടങ്ങളിൽ വമ്പനടികളുമായി ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള യുവതാരങ്ങളിൽ മികച്ച ഓപ്‌ഷനാണ് ഹാരി ബ്രൂക്ക്. അതിനാൽ തന്നെ താരത്തെ റാഞ്ചാനും ടീമുകൾ കടുത്ത പോരാട്ടം തന്നെ നടത്തിയേക്കും.
- നിക്കോളാസ് പുരാൻ:അവസാന സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമായിരുന്ന പുരാനെ അപ്രതീക്ഷിതമായാണ് ടീം കൈവിട്ടത്. വെസ്റ്റ് ഇൻഡീസിന്‍റെ നായകനായ പുരാന് അവസാന സീസണിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായിരുന്നില്ല. അതിനാലാണ് ടീം താരത്തെ ഒറ്റ സീസണ്‍ കൊണ്ടുതന്നെ ഒഴിവാക്കാൻ തീരുമാനിച്ചത്.
എന്നാൽ അതിവേഗം സ്‌കോർ ഉയർത്താനും വമ്പനടികളുമായി കളം നിറയാനും കഴിവുള്ള താരത്തെ സ്വന്തമാക്കാനാകും ടീമുകളുടെ ശ്രമം. അടുത്തിടെ കഴിഞ്ഞ ദുബായ് ടി10 ലീഗിൽ വെടിക്കെട്ട് പ്രകടനമാണ് പുരാൻ കാഴ്‌ചവച്ചത്. അതിനാൽ തന്നെ മികച്ച ഫോമിലുള്ള പുരാനും ലേലത്തിൽ കോടികൾ വാരാൻ സാധിക്കും.