മുംബൈ: ഐപിഎൽ 2022ലെ മെഗാ താരലേലത്തിനുള്ള അന്തിമപട്ടിക പ്രഖ്യാപിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന ലേലത്തിനായി 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം എസ് ശ്രീശാന്തും അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
അന്തിമ പട്ടികയിൽ 228 ക്യാപ്പ്ഡ് കളിക്കാരും 355 അണ്‍ ക്യാപ്പ്ഡ് താരങ്ങളേയും ഏഴ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 48 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ട് കോടി രൂപയിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
1.5 കോടി രൂപയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 താരങ്ങളും അന്തിമ പട്ടികയിലുണ്ട്. യാഷ് ദുൽ, വിക്കി ഓസ്റ്റ്വാൾ, രാജ്‌വർധൻ ഹംഗാർഗേക്കർ തുടങ്ങിയ ഇന്ത്യയുടെ അണ്ടർ 19 താരങ്ങളും ലേലത്തിലുണ്ട്.
10 താരങ്ങളെ മാർക്വീ താരങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പാറ്റ് കമ്മിൻസ്, ക്വിന്‍റൻ ഡികോക്ക്, ശിഖർ ധവാൻ, ഫാഫ് ഡു പ്ലസി, ശ്രേയസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവരാണ് താരലേലത്തിലെ മാർക്വീ താരങ്ങൾ.