ന്യൂഡൽഹി :ഐഎൻഎക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർണാടകയിലെ കൂർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്. വിവരങ്ങൾ ഇഡി ചൊവ്വാഴ്‌ച വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.
ഏജൻസി പറയുന്നതനുസരിച്ച് എംഎസ് അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (എഎസ്‌സിപിഎൽ) പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് (പിഎംഎൽഎ) പ്രകാരമുള്ള നടപടികൾ ഇഡി ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം, അഴിമതി നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രേഖപ്പെടുത്തി നടപടികൾ ആരംഭിച്ചത്.
ഇഡി നടത്തിയ അന്വേഷണത്തിൽ, എംഎസ് ഐഎൻഎക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് നേരിട്ടും അല്ലാതെയും നിയമവിരുദ്ധമായ പ്രവർത്തികൾ നടന്നിട്ടുണ്ടെന്ന തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു. പ്രതിയായ കാർത്തി ചിദംബരത്തിന്‍റെ നിയന്ത്രണത്തിലുള്ള നിരവധി ഷെൽ കമ്പനികൾ വഴി പി ചിദംബരം ഫോറിൻ ഇൻവെസ്‌റ്റ്‌മെന്‍റ് പ്രമോഷൻ ബോർഡ് (എഫ്‌ഐപിബി) അനുമതി നേടിയിട്ടുണ്ട്. അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഇതിനോടകം കമ്പനി നടത്തിയിട്ടുണ്ട്. പണം വിദേശ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ച് വിടുകയാണിവർ ചെയ്‌തത്. കാർത്തി ചിദംബരം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വിവിധ ഷെൽ കമ്പനികൾ മുഖേന വിദേശത്തുള്ള വിവിധ സ്വത്തുക്കളിലും കമ്പനികളുടെ ഓഹരികളിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു.