ചമോലി/ രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് രാജ്യം. ഇന്ത്യന്‍ സൈന്യവും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ഇന്ത്യ-ചൈന അതിർത്തിയിലാണ് യോഗ ദിനം ആചരിച്ചത്. മഞ്ഞുകൊണ്ട് ചുറ്റപ്പെട്ട കൊടുമുടികള്‍ക്കിടയില്‍ വച്ചുള്ള സേനയുടെ യോഗ ദിനാചരണം വ്യത്യസ്‌ത അനുഭവമാണ് രാജ്യത്തിന് സമ്മാനിച്ചത്. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമായ മന, ഔലി തുടങ്ങി പിത്തോരഗഡിലെ ഗുഞ്ചി, മിർതി, നാഭിദംഗ് തുടങ്ങി ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ഔട്ട്‌പോസ്‌റ്റുകളിലും സൈനികര്‍ യോഗ ചെയ്യുകയും രാജ്യത്തിന് ആരോഗ്യത്തിന്‍റെ സന്ദേശം പകരുകയും ചെയ്‌തു.
കൊടുമുടിയും കൊടും മഞ്ഞും വകവയ്‌ക്കാതെ : ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഭിദംഗിലെ ഗുഞ്ചിലാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ ഏഴാം ബറ്റാലിയൻ യോഗ അവതരിപ്പിച്ചത്. ഇതുകൂടാതെ ഐടിബിപി ജവാന്മാര്‍ ചമോലി ജില്ലയിലെ ഔലിയില്‍ കൊടും മഞ്ഞിനിടയില്‍ നിന്നാണ് യോഗയുടെ ഭാഗമായത്. ഇവിടെ ഹിമവീറുകളായ വനിത സൈനികാംഗങ്ങളും യോഗയില്‍ പങ്കെടുത്തിരുന്നു.
ധാമുകളിലും യോഗ ദിനാഘോഷം :ഭൂ ബൈകുന്ത് ബദ്രീനാഥ് ധാമിലും രാജ്യത്തെ ആദ്യത്തെ ഗ്രാമമായ മനയിലും യോഗാദിനം ആവേശത്തോടെ തന്നെ ആഘോഷിച്ചു. മനയിൽ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നടന്ന യോഗ ക്യാമ്പില്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായുള്ള യോഗ പ്രേമികൾ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് യോഗാധ്യാപകർ അഭ്യാസമുറയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്‌തു. യോഗയിലൂടെ ശാരീരിക അവയവങ്ങൾക്കൊപ്പം മനസിനും തലച്ചോറിനും ആത്മാവിനും സന്തുലിതാവസ്ഥ സാധ്യമാകുന്നുവെന്ന് ഇവര്‍ അറിയിച്ചു. കൂടാതെ സ്ഥിരമായുള്ള യോഗാഭ്യാസത്തിലൂടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ മറികടക്കാമെന്നും ക്യാമ്പില്‍ വിശദീകരിച്ചു.