ഹൈദരാബാദ്: ആപ്പ് വഴിയുള്ള വായ്‌പയുമായി ബന്ധപ്പെട്ട് അഞ്ച് പേർ ആത്മഹത്യ ചെയ്‌തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവയ്‌ക്ക് ചൈനയുമായുള്ള ബന്ധം കണ്ടെത്തി. ആത്മഹത്യ ചെയ്‌ത് ഒരു മാസത്തിന് ശേഷമാണ് ചൈനയുമായുള്ള ബന്ധം കണ്ടെത്തിയത്.
ആപ്പ് വഴി വായ്‌പ; ചൈനീസ് ബന്ധം കണ്ടെത്തി
പൊലീസ് അന്വേഷണത്തിൽ വാതുവയ്‌പ് റാക്കറ്റുകളും ലോൺ ആപ്ലിക്കേഷനുകളും തമ്മിൽ സമാനതകൾ കണ്ടെത്തി
നിയമവിരുദ്ധമായ ആപ്ലിക്കേഷനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം നാലോളം ചൈനീസ് പൗരൻമാരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് ചൈനക്കാരുടെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. ജനുവരി 22ന് വ്യക്തിഗത വായ്‌പാ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സൈബരാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹേമന്ത് കുമാർ ഝാ, വി.മഞ്ജു നാഥ്, അബ്‌ദുൾ ലൗക് എന്നിവരാണ് അറസ്‌റ്റിലായത്. ജി.ചന്ദ്രമോഹൻ എന്നയാൾ ആത്മഹത്യ ചെയ്‌തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്‌തത്. ഇയാൾ 11 വ്യത്യസ്ത ആപ്പുകളിൽ നിന്ന് 70,000 രൂപയാണ് ലോണെടുത്തത്. ഗൂഗിൾ പ്ലേ സ്‌റ്റോറിലൂടെ വ്യത്യസ്‌ത ആപ്ലിക്കേഷനുകൾ വഴി മൂന്ന് കമ്പനികൾ ചെറിയ തുകകൾ വായ്‌പ നൽകുകയും ബ്ലാക്‌മെയിലിലൂടെയും മറ്റും പണം തിരിച്ചു വാങ്ങിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചൈനയിലുള്ള മൈക്കിൾ എന്നയാളുടെ സഹായത്തോടെ ഹേമന്താണ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ഇയാൾ ഗുരുഗ്രാമിൽ ഒരു ഓഫീസ് ആരംഭിച്ചിരുന്നു. ഇത്തരം ഒരു കമ്പനിയുടെ ഡയറക്ടറായി ഇന്ത്യയിൽ താമസിച്ച ഭൂട്ടാൻ പൗരനെ പറ്റിയും അന്വേഷണം നടക്കുകയാണ്.
ഇങ്ങനെയുള്ള കമ്പനികൾ ആദ്യം ഉപഭോക്താക്കൾക്ക് പണം കൊടുക്കുകയും പിന്നീട് അവരെ പല രീതിയിൽ തരംതിരിക്കുകയുമാണ് ചെയ്യുന്നത്. പണം തിരിച്ചു വാങ്ങിക്കുന്നതിനായി ആദ്യഘട്ടം അവരെ വിളിക്കുകയും അടുത്ത ഘട്ടത്തിൽ മെസേജ് അയക്കുകയും പിന്നീട് വാട്ട്‌സ് ആപ്പിൽ മെസേജ് അയക്കുകയുമാണ് ചെയ്യുന്നത്. പണം തന്നില്ലെങ്കിൽ ഉപഭോക്താക്കളുടെ ബന്ധുക്കളെ വിളിച്ച് അപകീർത്തിപ്പെടുത്തുകയാണ് അവസാന രീതി. പൊലീസ് അന്വേഷണത്തിൽ വാതുവയ്‌പ് റാക്കറ്റുകളും ലോൺ ആപ്ലിക്കേഷനുകളും തമ്മിൽ സമാനതകൾ കണ്ടെത്തി. ഇരു കൂട്ടരും ഇന്ത്യയിലുള്ളവരെയാണ് പണം നേടുന്നതിനായി ഉപയോഗിച്ചിരുന്നത്.