മുംബൈ : ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ബോംബെയ്‌ക്ക് 315 കോടി രൂപ സംഭാവന നൽകി. ഐ ഐ ടി ബോംബെയിലെ പൂർവ വിദ്യാർഥി കൂടിയായ നിലേകനി സ്ഥാപനവുമായുള്ള ബന്ധത്തിന്‍റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് വലിയൊരു തുക സംഭാവന നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ വെച്ച് ഐ ഐ ടി ബോംബെയുമായി നിലേകനി കരാറിൽ ഒപ്പുവച്ചിരുന്നു.
ഇതിന് മുൻപ് നിലേകനി സ്ഥാപനത്തിനായി 85 കോടി രൂപ സംഭാവന ചെയ്‌തിരുന്നു. ഇതോടെ അദ്ദേഹം ഐ ഐ ടി ബോംബെയ്‌ക്കായി മൊത്തം 400 കോടി രൂപയാണ് സംഭാവനയായി നൽകിയിട്ടുള്ളത്. ലോകോത്തര ഇൻഫ്രാസ്‌ട്രക്‌ചർ പ്രോത്സാഹിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ഐഐടി ബോംബെയിൽ ടെക് സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് ഈ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.
ഐ ഐ ടി ബോംബെയിലെ മികച്ച വിദ്യാർഥി:നന്ദൻ നിലേകനി മുംബൈ ഐ ഐ ടിയിലെ സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിൽ മികച്ച വിദ്യാർഥിയാണ്. 1973ലാണ് നന്ദൻ നിലേകനി ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് ബിരുദത്തിനായി എ ഐ ടി ബോംബെയിൽ പ്രവേശിച്ചത്. തുടർന്ന് 50 വർഷങ്ങൾക്ക് ഇപ്പുറം ഇന്ത്യ ആസ്ഥാനമായിട്ടുള്ള ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഇൻഫോസിസിന്‍റെ സഹസ്ഥാകൻ കൂടിയായ നിലേകനി തന്‍റെ കോളജുമായുമായുള്ള ബന്ധത്തെ മികച്ച രീതിയില്‍ അനുസ്‌മരിച്ചിരുന്നു.
'ഐ ഐ ടി ബോംബെ എന്‍റെ ജീവിതത്തിലെ സുപ്രധാന ഭാഗങ്ങളിലൊന്നാണ്. ഇന്നത്തെ എന്നെ രൂപപ്പെടുത്തിയെടുത്തതും എന്‍റെ ഉയർച്ചകൾക്ക് അടിത്തറ പാകിയതും ഈ സ്ഥാപനമാണ്. ഐ ഐ ടി ബോംബെയുമായുള്ള എന്‍റെ ബന്ധം 50 വർഷത്തിലെത്തി നിൽക്കുമ്പോൾ സ്ഥാപനത്തിന്‍റെ വളർച്ചയ്‌ക്കായി സംഭാവന നൽകുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്'.