ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ കിണറിന് മുകളില്‍ പണിത ക്ഷേത്രത്തിന്‍റെ തറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം 35 ആയി. രാമനവമി ദിനമായ ഇന്നലെ (മാര്‍ച്ച് 30) ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലാണ് സംഭവം. രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അപകടത്തില്‍പ്പെട്ട 18 പേരെ രക്ഷപ്പെടുത്തിയതായി സർക്കാർ വ്യക്തമാക്കി. മാർച്ച് 30ന് രാത്രി 11 മണിയോടെ 22 മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വ്യാഴാഴ്‌ച (മാര്‍ച്ച് 30) ഉച്ചയോടെയാണ് തെരച്ചിൽ ആരംഭിച്ചത്. ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, 50 അംഗ എസ്‌ഡിആര്‍എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന), 15 അംഗ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന), പുറമെ പൊലീസും സൈന്യത്തോടൊപ്പം രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഡിവിഷണൽ ഹെൽത്ത് ഓഫിസര്‍ ഡോ. പവൻ ദേവ് ശർമയാണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്.
തിരിച്ചറിഞ്ഞത് 31 മൃതദേഹങ്ങള്‍:75 സൈനികര്‍ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരിൽ രണ്ടുപേരെ ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്. 16 പേർ ഇന്‍ഡോറിലെ ആപ്പിൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ 31 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. 40 അടി താഴ്‌ചയുള്ള കിണറിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചതെന്ന് ജില്ല ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
MORE READ|ഇൻഡോറില്‍ ക്ഷേത്രക്കിണർ തകർന്ന് 13 മരണം, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഏകദേശം നാല് പതിറ്റാണ്ട് മുന്‍പാണ് കിണറിന് മുകളില്‍ തറ പണിത് ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രം നിര്‍മിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. ദുരന്തത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ തന്‍റെ ദുഃഖം രേഖപ്പെടുത്തി. 'ഇൻഡോര്‍ ദുരന്തത്തിൽ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാനുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ദ്രുതഗതിയിൽ നേതൃത്വം നൽകുന്നുണ്ട്. എല്ലാ ദുരിതബാധിതര്‍ക്കും അവരുടെ കുടുംബങ്ങൾക്കും എന്‍റെ പ്രാർഥനകള്‍'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
ALSO READ|രാജസ്ഥാനില്‍ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം
അതേസമയം, കിണറ്റിന് മുകളില്‍ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്ങും സംഭവസ്ഥലം സന്ദർശിച്ചു.
രാമനവമി ഘോഷയാത്രക്കിടെ അപകടം:രാജസ്ഥാനിലെ കോട്ടയിൽ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്‌ച (മാര്‍ച്ച് 30) ഉണ്ടായ സംഭവത്തില്‍ ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവര്‍ക്കാണ് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.