കേരളം

kerala

ETV Bharat / bharat

ഇന്ത്യക്ക് പ്രതീക്ഷ, ഈ വർഷം ജിഡിപി 7.4 ശതമാനമായി വളരുമെന്ന് നിര്‍മല സീതാരാമന്‍ - ഇന്ത്യയുടെ ജിഡിപി

കൊവിഡിന് ശേഷം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരുകയാണെന്നും നിക്ഷേപങ്ങള്‍ വരുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തെ നിരക്ക് അടുത്ത വര്‍ഷവും തുടരുമെന്നും മന്ത്രി പറഞ്ഞു

GDP to grow  GDP  Union Finance Minister Nirmala Sitharaman  Nirmala Sitharaman  നിര്‍മ്മല സീതാരാമന്‍  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  സാമ്പത്തിക മാന്ദ്യം
ഇന്ത്യക്ക് പ്രതീക്ഷ, ഈ വർഷം ജിഡിപി 7.4 ശതമാനമായി വളരുമെന്ന് നിര്‍മ്മല സീതാരാമന്‍

By

Published : Aug 27, 2022, 6:46 AM IST

ന്യൂഡല്‍ഹി:കൊവിഡിന് ശേഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 7.4 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇതേ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയ ആഗോള ഏജൻസികളും അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ച ഏറ്റവും വേഗത്തിലായിരിക്കുമെന്ന് പ്രവചിച്ചതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ലോക രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖലയെക്കുറിച്ച് നിര്‍മല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. 'കയറ്റുമതിയിലെ വെല്ലുവിളികളെ നേരിടാൻ നാം തയ്യാറാകണം. നമ്മുടെ കയറ്റുമതിയെ എങ്ങനെ ഉയര്‍ത്താം എന്നാണ് നാം ചിന്തിക്കേണ്ടത്. കയറ്റുമതിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ള കയറ്റുമതിക്കാരുമായി ധനകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.

നിക്ഷേപങ്ങൾ തുടരുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കൂടാതെ രാജ്യത്തേക്ക് പുതിയ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു', മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയുടെ നിക്ഷേപം വർധിച്ചതിനാല്‍ സർക്കാരിന്‍റെ കോർപ്പറേറ്റ് നികുതി പിരിവ് വർധിക്കുന്നതിന് കാരണമായെന്ന് നിര്‍മല സീതാരാമൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്‌ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾ ചെലവുകൾ വഹിക്കാനും, സാമ്പത്തിക ഭാരം ഒഴിവാക്കാനും ബജറ്റ് വ്യവസ്ഥകൾ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പലതും സൗജന്യമായി നല്‍കാമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാഗ്‌ദാനം ചെയ്യും. അതെല്ലാം നല്ലതു തന്നെ, ജനങ്ങള്‍ക്ക് അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ അവര്‍ക്ക് എത്തിച്ചു കൊടുക്കണം. അധികാരത്തിലെത്തിയാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികം ബജറ്റില്‍ വകയിരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

സെസ് പിരിവ്: കേന്ദ്ര സർക്കാർ ഒരു ലക്ഷ്യത്തോടെയാണ് സെസ് പിരിച്ചെടുക്കുന്നതെന്നും സെസ് വഴി പിരിച്ചെടുക്കുന്ന പണം പ്രാഥമികമായി ചെലവഴിക്കുന്നത് സംസ്ഥാനങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി. സെസ് ഇനത്തില്‍ ഈ ബജറ്റിൽ ഒരു ലക്ഷം കോടിയിലധികം രൂപ വിദ്യാഭ്യാസത്തിന് അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്‍റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആർബിഐയുടെ ശുപാർശയെക്കുറിച്ചുള്ള ചോദ്യത്തിന്, ഡിജിറ്റൽ പേയ്‌മെന്‍റുകൾക്ക് ചാർജ് ഈടാക്കാനുള്ള ശരിയായ സമയമല്ല ഇപ്പോഴെന്ന് സർക്കാർ വിശ്വസിക്കുന്നതായി സീതാരാമൻ പറഞ്ഞു.

ABOUT THE AUTHOR

...view details