ന്യൂഡൽഹി: വിവരങ്ങൾ ഹാക്ക് ചെയ്യാൻ ചൈനീസ് സംഘം ഉപയോഗിച്ച 1300 സിം കാർഡുകളുടെ വിശദാംശങ്ങൾ ഇന്ത്യൻ ഏജൻസികൾ ശേഖരിച്ചു വരുന്നു. രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന സിം കാർഡുകളെ സംബന്ധിച്ച് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറണമെന്ന് രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. കൂടാതെ, 2010 മുതൽ ചൈനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സിം കാർഡുകളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും ഏജൻസികൾ ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു.
2010 മുതൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് 1300 സിം കാർഡുകൾ ചൈനയിലേക്ക് കൊണ്ടു പോയതായി വ്യാഴാഴ്ച ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ അറസ്റ്റിലായ ചൈനീസ് നുഴഞ്ഞുകയറ്റക്കാരൻ ഹാൻ ജുൻവെ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് ഹാനും കൂട്ടാളികളും സിം കാർഡുകൾ അതിർത്തി കടത്തിയിരുന്നതെന്ന് അതിർത്തി സുരക്ഷാ സേന പറഞ്ഞു.
ഇന്ത്യയിൽ നാല് തവണയെത്തി
ജൂൺ രണ്ടിന് ബിസിനസ് വിസയിൽ ബംഗ്ലാദേശിലെ ധാക്കയിലെത്തിയ ഹാൻ ഒരു ചൈനീസ് സുഹൃത്തിനോടൊപ്പം താമസിക്കുകയായിരുന്നു. തുടർന്ന് ജൂൺ എട്ടിന് സോന മസ്‌ജിദിലെത്തി ഒരു ഹോട്ടലിൽ താമസിച്ചു. ജൂൺ 10ന് ഇന്ത്യ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബി.എസ്.എഫ് പിടികൂടുകയായിരുന്നു. ഇയാളുടെ പാസ്‌പോർട്ട് സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. അതേ സമയം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നാല് തവണ സന്ദർശിച്ചതായും ഹാൻ ജുൻവെ പറഞ്ഞു. ഗുരുഗ്രാമിലെ സ്‌റ്റാർ സ്‌പ്രിങ് ഹാൻ ജുൻവെയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് ഏജൻസികൾ ഇവിടെ റെയ്ഡ് നടത്തി.
ALso Read: 'ഉത്തരവിന്‍റെ കുറ്റമല്ല, വീഴ്ച സംഭവിച്ചിട്ടില്ല' ; ന്യായീകരിച്ച് മന്ത്രി കെ രാജൻ
ചൈനയില്‍ നിന്ന് ഇന്ത്യന്‍ വിസ ലഭിക്കാത്തതിനെ തുടർന്ന് ഇവിടേക്ക് പ്രവേശിക്കാന്‍ ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നുമാണ് ഹാൻ വിസ നേടിയത്. ഏജൻസികൾ അറസ്റ്റ് ചെയ്ത ഹാനിന്‍റെ ബിസിനസ് പങ്കാളിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ആപ്പിൾ ലാപ്‌ടോപ്പ്, ഐഫോണുകൾ, ബംഗ്ലാദേശ് സിം, ഇന്ത്യൻ സിം, ചൈനീസ് സിം, പെൻ ഡ്രൈവുകൾ, ബാറ്ററികൾ, ചെറിയ ടോർച്ചുകൾ, എടിഎം കാർഡുകൾ, യുഎസ് ഡോളർ, ബംഗ്ലാദേശ് ടാക്ക, ഇന്ത്യൻ കറൻസി തുടങ്ങിയവ ഹാനിൽ നിന്ന് കണ്ടെടുത്തിരുന്നു